നടൻ സുന്ദർ സിയുടെ സംവിധാനം മികവിൽ പുറത്തിറങ്ങിയ ‘അരൺമനൈ’ എന്ന ചിത്രത്തിന്റെ നാലാം ഭാഗം വരുന്നു. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ഇത്തവണ ചിത്രത്തിൽ പ്രേത കഥാപാത്രമായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ്. റാഷി ഖന്നയാണ് മറ്റൊരു നായിക കഥാപാത്രമായി ചിത്രത്തിൽ വേഷമിടുന്നത്.
തമിഴ് ഭാഷയിൽ പുറത്തിറങ്ങിയ ‘അരൺമനൈ’ എന്ന ചിത്രം കേരളത്തിൽ അടക്കം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. തമന്ന, റാഷി ഖന്ന എന്നിവരെ കൂടാതെ യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
‘അരൺമനൈ’ എന്ന ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങൾ നിർമ്മിച്ച സുന്ദറിന്റെ ഭാര്യയും നടിയുമായ ഖുശ്ബുവാണ് ഈ ചിത്രവും നിർമ്മിച്ചിരിക്കുന്നത്. ഏപ്രിൽ 11ന് ചിത്രം തീയറ്ററുകളിൽ എത്തും. അരൺമനൈ എന്ന ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത് 2014 ആയിരുന്നു. ചിത്രത്തിൽ സുന്ദർ, ഹൻസിക, വിനയ് റായ്, ആൻഡ്രിയ ജെറമിയ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്.
2016ൽ പുറത്തിറങ്ങിയ രണ്ടാം ഭാഗത്തിൽ സിദ്ധാർഥ്, തൃഷ, എന്നിവർക്കൊപ്പം സുന്ദറും ഹൻസികയും പ്രധാനവേഷങ്ങളിൽ എത്തി. റാഷി ഖന്ന, ആൻഡ്രിയ, സുന്ദർ, ആര്യ എന്നിവരാണ് 2021ൽ പുറത്തിറങ്ങിയ മൂന്നാം ഭാഗത്തിൽ വേഷമിട്ടത്. പരസ്പരം ബന്ധമുള്ളവ അല്ല ഈ നാല് ചിത്രങ്ങളും എന്നതാണ് ശ്രദ്ധേയകരമായ കാര്യം.
തമന്ന വേഷമിട്ട് ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം ദിലീപ് നായകനായി എത്തിയ മലയാള ചിത്രം ‘ബാന്ദ്ര’ യാണ്. അരുൺ ഗോപിയായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക