മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത തമിഴകത്തിന്റെ മിന്നും താരം എസ്ജെ സൂര്യ മലയാളത്തിലേക്ക്. ഫഹദ് ഫാസിലിനെ നായകനാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാകും താരത്തിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം എന്നാണ് സൂചന.
വിപിൻ ദാസ് ഹൈദരബാദിൽ വെച്ച് എസ് ജെ സുര്യയുമായി കൂടിക്കാഴ്ച നടത്തിയതായും കഥ ചർച്ച ചെയ്തതായും ഗ്രേപ് വൈൻ റിപ്പോർട്ട് ചെയ്യുന്നു. ബാദുഷ സിനിമാസിന്റെ ബാനറിൽ ബാദുഷയും ഷിനോയ് മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഫഹദിനൊപ്പം എസ് ജെ സൂര്യയും ഒന്നിക്കുമ്പോൾ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. തന്റെ കഥാപാത്രങ്ങളുടെ ഗംഭീര പ്രകടനങ്ങൾക്ക് അവസരം ഒരുക്കുന്നതിൽ മികവ് കാട്ടാറുള്ള വിപിൻ ദാസ് ഇരുവർക്കും ഒരുക്കിവെച്ചിരിക്കുന്നത് എന്ത് എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
അതേസമയം ഗുരുവായൂരമ്പല നടയിൽ എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോൾ വിപിൻ ദാസ്. പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.
തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക