വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’. യുവതാരനിര അണിനിരക്കുന്ന ചിത്രത്തിനായി ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോളിതാ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. മോഹൻലാലാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ഇന്ന് മുതലാണ് ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിക്കുന്നത്. വിവിധ ബുക്കിംഗ് പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. ബുക്കിംഗ് തുടങ്ങുന്നതിന്റെ ഭാഗമായി പുതിയ പോസ്റ്ററും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. മലയാളികൾക്ക് വിഷുകൈനീട്ടമായി ഏപ്രിൽ 11-നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്ക് ശേഷം. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമിക്കുന്നത്. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കിയ ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തിലെത്തുന്നു.
അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ് എന്നിങ്ങനെ വൻ താരനിരയെത്തുന്ന ചിത്രത്തിൽ അതിഥി വേഷത്തിലാണ് നിവിൻ പോളി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക