ജോലി ആവശ്യങ്ങൾക്കനുസരിച്ച് മിക്ക ആളുകൾക്കും ഒമ്പത് മുതൽ പത്ത് മണിക്കൂർ വരെ സ്ക്രീനിലേക്ക് നോക്കേണ്ടി വരുന്നുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. എന്നാൽ, കണ്ണുകളുടെ സംരക്ഷണം വളരെ പ്രാധാന്യമർഹിക്കുന്ന വിഷയം ആയതിനാൽ ഇതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. കണ്ണുകളുടെ സംരക്ഷണത്തിന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
20-20-20 നിയമം: ചില സമയങ്ങളിൽ തുടർച്ചയായി മണിക്കൂറുകളോളം സ്ക്രീനിൽ നോക്കി ഇരിക്കുമ്പോൾ, അതിൽ നിന്ന് ഒരു ഇടവേള എടുക്കുക. 20-20-20 റൂൾ പറയുന്നത്, ഒരാൾ എല്ലാ 20 മിനിറ്റിലും 20 സെക്കൻഡ് ഇടവേള എടുക്കുകയും സ്ക്രീനിന് പുറത്ത് മറ്റേതെങ്കിലും പോയിന്റിൽ നോട്ടം ഉറപ്പിക്കണം. ഏകദേശം 20 അടി അകലേക്ക് നോക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് കണ്ണിന്റെ ആയാസം അൽപ്പം കുറയ്ക്കാൻ വളരെ നല്ലതാണ്.
കൈകളുടെ ശുചിത്വം: കൈകൾ ശുചിത്വമുള്ളതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കണ്ണിൽ തൊടുന്നത് പരമാവധി ഒഴിവാക്കുക. കൂടാതെ, ദീർഘനേരം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ ഒരു മൃദുവായ തുണി തണുത്ത വെള്ളത്തിൽ മുക്കി കുറച്ച് സമയം നിങ്ങളുടെ കണ്ണുകളിൽ വയ്ക്കുന്നത് ഗുണം ചെയ്യും.
കണ്ണുകൾ ചിമ്മുക: സ്ക്രീനിൽ വളരെ ശ്രദ്ധയോടെ നോക്കി ഈർക്കുമ്പോഴോ എന്തെങ്കിലും വായിക്കുമ്പോഴോ, നമ്മൾ പലപ്പോഴും കണ്ണുകൾ ചിമ്മാറില്ല. കൃത്യമായ ഇടവേളകളിൽ കണ്ണുകൾ ചിമ്മുന്നത് കണ്ണുകൾ ഡ്രൈ ആക്കാതെ ഈർപ്പത്തോടെ നിലനിർത്താൻ സഹായിക്കും. അധികനേരം സ്ക്രീനിൽ നോക്കിയിരിക്കുമ്പോൾ അൽപ്പസമയം ഇടവേളയെടുത്ത് കണ്ണുകൾ ചിമ്മിത്തുറക്കുന്നത് ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക