കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെൻസിന്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി വന്ന് അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മാരിവില്ലിൻ ഗോപുരങ്ങൾ’. ഏപ്രിൽ 12 ന് പ്രദർശനം ചെയ്യുമെന്ന് അറിയിച്ചിരുന്ന സിനിമയുടെ റിലീസ് നീട്ടി വെച്ചിരിക്കുകയാണ്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്.
‘മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ തെളിവായി സീസൺ ലക്ഷ്യം വെച്ചു വരുന്ന ഒരുപറ്റം സിനിമകൾക്കിടയിൽ മാരിവില്ലിൻ കാണാനായി കുറച്ചു ദിവസം കൂടി കാത്തിരിക്കാം. റിലീസാകാൻ പോകുന്ന എല്ലാ ചിത്രങ്ങൾക്കും വിജയാശംസകൾ,’ ഇന്ദ്രജിത്ത് സമൂഹ മാധ്യമങ്ങളിൽ എഴുതി.
ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരിവില്ലിന് ഗോപുരങ്ങൾ. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും, പ്രമോദ് മോഹനും ചേർന്നാണ്. പ്രമോദ് മോഹനാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ട്രൈയ്ലറുകളും പാട്ടുകളും മുൻപ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. ഒരു കളർഫുൾ ഫാമിലി എന്റർടൈനർ ആകും ചിത്രമെന്ന സൂചനയാണ് ലഭിക്കുന്നത്. കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം.
സായികുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലിം കുമാർ, വിഷ്ണു ഗോവിന്ദ് എന്നിങ്ങനെ വൻ താരനിര ഭാഗമാകുന്ന സിനിമയാണ് മാരിവില്ലിൻ ഗോപുരങ്ങൾ. മെലഡികളുടെ കിങ് എന്നറിയപ്പെടുന്ന വിദ്യാസാഗർ സംഗീതമൊരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക