തിരുവന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്നതിനിടെ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ മാസം 16 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
അതേസമയം, വേനൽമഴയ്ക്കിടയിലും സംസ്ഥാനത്ത് ഈ മാസം 16 വരെ താപനില ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാൾ രണ്ടു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. ശക്തമായ ചൂടു തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്. ഉയർന്ന താപനില സംബന്ധിച്ച് വിവിധ ജില്ലകൾക്ക് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്,കോഴിക്കോട്, കണ്ണൂർ, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
ഇന്നലെ സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഒറ്റപ്പെട്ട മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ സാമാന്യം ഭേദപ്പെട്ട മഴ പെയ്തു. വടക്കന്‍ ജില്ലകളില്‍ മലയോര മേഖലകളിലും മഴ ലഭിച്ചു. ശനിയാഴ്ച കൂടി ഒറ്റപ്പെട്ട മഴ തുടര്‍ന്നേക്കും. ശനിയാഴ്ച കേരളതീരത്ത്55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മീന്‍ പിടിക്കാന്‍ പോകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക