സംസ്ഥാനത്ത് ചില ജില്ലകളിൽ വേനൽ മഴ ലഭിച്ചുവെങ്കിലും ചൂട് ശമനമില്ലാതെ തുടരുകയാണ്. ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഏപ്രിൽ 17 വരെ സംസ്ഥാനത്തെ 11 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഇന്നു മുതൽ ഏപ്രിൽ 17 വരെ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും വർദ്ധിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സാധാരണ താപനിലയിൽ നിന്നും 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില വർദ്ധിക്കാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാവകുപ്പ് അറിയിക്കുന്നത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മലയോര മേഖലകളൊഴികെയുള്ള ജില്ലകളിൽ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഏപ്രിൽ 14 മുതൽ ഏപ്രിൽ 17 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക