വിഷുദിനത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്തി എൻഡിഎയുടെ വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. ഭാര്യക്കൊപ്പം ആണ് സുരേന്ദ്രൻ ക്ഷേത്രദർശനം നടത്തിയത്. ചരിത്രപ്രസിദ്ധമായ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ അതിരാവിലെ ദർശനം നടത്തിയ സുരേന്ദ്രൻ വിഷുക്കണി കാണുകയും ചെയ്തു എന്നും പറഞ്ഞു.
വയനാടിന് പ്രത്യേകതകൾ ഉള്ള ഉത്സവമാണ് വിഷു എന്നും കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തെയും സമ്പൽസമൃദ്ധിയുടെയും പ്രതീകമാണ് വിഷു എന്നും പറഞ്ഞ അദ്ദേഹം വിഷുവിന് സമാനമായ ആഘോഷങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടെന്നും കൃഷിക്കാരും കർഷക തൊഴിലാളികളും കൂടുതലുള്ളത് വയനാട്ടിലാണ് എന്നും പറഞ്ഞു.
വയനാട്ടിലെയും കേരളത്തിലെയും ദുരിതങ്ങളെല്ലാം മാറി ഐശ്വര്യവും സമൃദ്ധിയും സന്തോഷവും ഉള്ളതാവട്ടെ പുതുവർഷം എന്ന് പ്രാർത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു. നാളെ സംസ്ഥാനത്ത് പ്രധാനമന്ത്രി വരുന്നതുമായി ബന്ധപ്പെട്ട തിരുവനന്തപുരത്തേക്ക് പോകുമെന്ന് അറിയിച്ച അദ്ദേഹം വയനാട്ടിൽ വന്നു പോകുന്നവരെ അല്ല സ്ഥിരം എംപിയെയാണ് ജനങ്ങൾക്ക് ആവശ്യമുള്ളത് എന്ന് ജനങ്ങൾ പറഞ്ഞു കഴിഞ്ഞതായും പറഞ്ഞു.
പഴശ്ശിരാജയുടെ ചരിത്രം ജനങ്ങൾ കൂടുതൽ അറിയണമെന്ന് പറഞ്ഞ കെ സുരേന്ദ്രൻ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിച്ച ആളാണ് പഴശ്ശിരാജ എന്നും അദ്ദേഹത്തെ തമസ്കരിക്കാനും ടിപ്പുസുൽത്താനെ ഗ്ലോറിഫൈ ചെയ്യാനുമാണ് ശ്രമിക്കുന്നത് എന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക