സംസ്ഥാനത്ത് ചൂട് വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ് എന്നും നട്ടുച്ചയ്ക്ക് പാചകം ചെയ്യുന്നത് ഒഴിവാക്കണം എന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
കാലാവസ്ഥാവകുപ്പ് ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉഷ്ണ തരംഗത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ചില മുൻകരുതലുകൾ നൽകിക്കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
അന്തരീക്ഷത്തിലെ ചൂട് വല്ലാതെ കൂടുന്ന സമയമായ നട്ടുച്ചയ്ക്ക് അടുക്കളയിൽ പാകം ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് ഇതിൽ പ്രധാനമായി നൽകിയിരിക്കുന്ന നിർദ്ദേശം. ഉയർന്ന ചൂട് ഉണ്ടാകുന്നതോടൊപ്പം അടുക്കളയിൽ പാകം ചെയ്യുന്നതിന്റെ ചൂടും കൂടിയാകുമ്പോൾ ഇത് അടുക്കളയിലെ താപനില വർദ്ധിപ്പിക്കുമെന്നും അതിനാൽ ഉച്ചതിരിഞ്ഞ് ഭക്ഷണം പാകം ചെയ്യുന്നത് പരമാവധി ഒഴിവാക്കണമെന്നുമാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഉച്ചയ്ക്ക് മുൻപ് പരമാവധി പാചകം ചെയ്യാൻ ശ്രദ്ധിക്കണമെന്നും ഉച്ചയ്ക്ക് ഭക്ഷണം പാകം ചെയ്യേണ്ടി വരികയാണെങ്കിൽ അടുക്കളയിൽ വായു സഞ്ചാരം ഉറപ്പാക്കണം എന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയുന്നതിന് ഇത് സഹായിക്കും എന്നും നിർദ്ദേശമുണ്ട്.
പാകം ചെയ്യുന്ന സമയത്ത് അടുക്കളയിലെ ജനലുകളും വാതിലുകളും തുറന്നിടണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ട്. ഇതു കൂടാതെ താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ മറ്റ് നിരവധി നിർദ്ദേശങ്ങളും ആരോഗ്യ മന്ത്രാലയം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക