വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്കു ശേഷം’ സിനിമയെ അഭിനന്ദിച്ച് മോഹൻലാൽ. ചിത്രം പഴയ കാലത്തെ ഓർമിപ്പിച്ചുവെന്നാണ് മോഹൻലാൽ പറഞ്ഞു. ഭാര്യ സുചിത്രക്കൊപ്പം ചെന്നൈയിലെ വീട്ടിലിരുന്നാണ് മോഹൻലാൽ സിനിമ കണ്ടത്.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ സിനിമ കണ്ടപ്പോൾ പഴയകാലങ്ങളിലേക്ക് പോയെന്നാണ് മോഹൻലാൽ കുറിച്ചത്. ഭാര്യ സുചിത്രക്കൊപ്പമിരുന്ന് സിനിമ കാണുന്ന ഫോട്ടോയും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. സിനിമയുടെ അണിയറപ്രവർത്തകർക്ക് നന്ദി അറിയിച്ചുകൊണ്ട് സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പും താരം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
‘കടന്നു പോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞു നോക്കാത്ത വരുണ്ടാകുമോ.. ? എത്ര ചെറുതായാലും ശരി നേട്ടങ്ങൾക്ക് നടുവിൽ നിന്ന് അങ്ങനെ തിരിഞ്ഞു നോക്കുമ്പോൾ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അദ്ധ്യായങ്ങൾ കാണാം…
വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം എന്ന സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി. കഠിനമായ ഭൂതകാലത്തെ അതേതീവ്രതയോടെ പുനരാവിഷ്കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്.
അനുഭവകാലങ്ങളെല്ലാം കഴിയുമ്പോൾ ഉണ്ടാകുന്ന ഊറി വരുന്ന ഒരു ചിരി(ഫിലോസിഫിക്കൽ സ്മൈൽ) ഈ സിനിമ കാത്തുവച്ചിരിക്കുന്നു. വർഷങ്ങൾക്കു ശേഷം എന്ന സിനിമയുടെ എല്ലാ പ്രവർത്തകർക്കും എന്റെ നന്ദി. സ്നേഹപൂർവ്വം മോഹൻലാൽ.’- നടൻ കുറിച്ചു.
ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ വർഷങ്ങൾക്ക് ശേഷം തിയറ്ററുകളിൽ മികച്ച സ്വീകാര്യത നേടി പ്രദർശനം തുടരുകയാണ്. ധ്യാൻ ശ്രീനിവാസൻ–പ്രണവ് ജോഡിക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള പ്രകടനം കണ്ടപ്പോൾ മോഹൻലാലിനെയും ശ്രീനിവാസനയെും ഓര്മ വന്നുവെന്ന് കൊച്ചിയിൽ സിനിമ കണ്ടതിന് ശേഷം സുചിത്ര മോഹൻലാൽ പറഞ്ഞിരുന്നു.
ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപത്രങ്ങളായെത്തിയ ചിത്രത്തിൽ നിവിൻ പോളിയും ഒരു പ്രധാനവേഷത്തിലെത്തിയിട്ടുണ്ട്. കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, ഷാൻ റഹ്മാൻ, നിരജ് മാധവ് എന്നിവരാണ് മറ്റുകഥാപാത്രങ്ങള അവതരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക