ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ ഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. വോട്ട് ചെയ്യാൻ നാട്ടിലെത്തുന്ന കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.
18നും 22നും ഇടയിൽ പ്രായമുള്ള കന്നി വോട്ടർമാർക്ക് ഇളവ് ലഭിക്കും. ജൂൺ ഒന്ന് വരെ ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാവും. ഈ ഓഫര്‍ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകള്‍ക്ക് ബാധകമാണെന്നും കമ്പനി അറിയിച്ചു. വിമാനക്കമ്പനിയുടെ 19-ാം വാർഷികം കൂടി പരിഗണിച്ചാണ് തീരുമാനം. ‘വോട്ട് അസ് യൂ ആർ’ (#VoteAsYouAre) എന്ന കാമ്പയിന്റെ ഭാഗമായാണ് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ഓഫർ ഒരുക്കിയിരിക്കുന്നത്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യാം. തെരഞ്ഞെടുപ്പിൽ കൂടുതൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് ഈ ഓഫര്‍ മുന്നോട്ട് വെക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ഈ ഓഫര്‍ എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ഫ്ലെക്സ്, എക്സ്പ്രസ് ബിസ് എന്നിവയിലും ബാധകമായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഓഫറിന്റെ വിശദ വിവരങ്ങൾ കമ്പനി അവരുടെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക