തിരുവനന്തപുരം: പൊള്ളുന്ന വെയിലിൽ ആശ്വാസമായി കേരളത്തിൽ വേനൽ മഴ വീണ്ടും ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്കുള്ള മഴയുടെ സാധ്യത കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. അടുത്ത മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത കാണുന്നുണ്ട്.
ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട രീതിയിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തിയേറിയ കാറ്റിനും, 2024 ഏപ്രിൽ 20, 21 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം 22ന് ഏഴ് ജില്ലകളിലാണ് മഴയുടെ സാധ്യത പ്രവചിച്ചിരിക്കുന്നത്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മഴ സാധ്യതാ പ്രവചനം. 23ന് 9 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴയുടെ സാധ്യത പറഞ്ഞിരിക്കുന്നത്.
2024 ഏപ്രിൽ 19 മുതൽ 23 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും എറണാകുളം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാനുള്ള സാധ്യത കാണുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക