ആലപ്പുഴ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ എത്തിയത്. കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സ്വാഗതം ചെയ്തു.
ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തെ അമിത് ഷാ അഭിസംബോധന ചെയ്യും. പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് ശോഭാ സുരേന്ദ്രന് പിന്തുണ അറിയിച്ച് അമിത് ഷാ എത്തിയിരിക്കുന്നത്. രാവിലെ 9 ന് പുന്നപ്ര കാർമൽ പോളിടെക്നിക് ഗ്രൗണ്ടിൽ നടക്കുന്ന പൊതു സമ്മേളനത്തെ അമിത്ഷാ അഭിസംബോധന ചെയ്യും.
എൻഡിഎ സംസ്ഥാന ജില്ലാ നേതാക്കളും പതിനായിരക്കണക്കിന് പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അമിത്ഷായുടെ ആദ്യ പൊതുസമ്മേളനം ആണ് ഇത്. യോഗത്തിനു ശേഷം ഉച്ചയോടെ അമിത്ഷാ ഡൽഹിക്കു തിരിക്കും.
കഴിഞ്ഞ 19-ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് പിന്തുണ അറിയിച്ച് ബിജെപി ദേശിയ അദ്ധ്യക്ഷൻ ജെപി നദ്ദ കേരളത്തിലെത്തിയിരുന്നു. വയനാട്ടിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലും റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക