മലയാളിയുടെ മനസിൽ ഇന്നും ഗൃഹാതുരമായ ഓർമയാണ് വാഴയിലയിൽ പൊതിഞ്ഞ പൊതിച്ചോറുകൾ, സദ്യ എന്നിവയെല്ലാം. തൂശനിലയിൽ സദ്യ കഴിക്കാത്ത മലയാളി ഉണ്ടാകില്ല. സദ്യ മാത്രമല്ല, പല വിഭവങ്ങളും വാഴയിലയിൽ പാകം ചെയ്യുന്നതും കഴിക്കുന്നതും ഒരു പ്രത്യേക സ്വാദാണ്. വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകും.
വാഴയില ഉപയോഗിക്കുന്നതിന് പിന്നിലെ ശാസ്ത്രീയ വശം അവയിൽ പോഷകങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നു എന്നതിനാലാണ്. പ്രകൃതിദത്ത ആന്റിഓക്സിഡന്റുകളായ പോളിഫെനോൾ അടങ്ങിയ വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ നഷ്ടമായേക്കാവുന്ന നിരവധി പോഷകങ്ങളാൽ സമ്പുഷ്ടമാകും. വാഴയിലയിൽ പോളിഫിനോൾ ഓക്സിഡേസും ആൻറി ബാക്ടീരിയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ആഹാരത്തിലെ അണുക്കളെ നശിപ്പിക്കാൻ സഹായിക്കും.
വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗ യോഗ്യമാണ്. ഇവയിൽ കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം, ചെമ്പ് തുടങ്ങിയ പോഷകങ്ങൾ നിരവധിയായി അടങ്ങിയിരിക്കുന്നു. വാഴയിലയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ വാഴയില ചൂടാകുന്നത് അതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഭക്ഷണത്തിൽ കലരാനും ഇതുവഴി ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
വാഴയിലയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ കോശങ്ങളുടെ ആരോഗ്യത്തിനും ചർമ്മത്തിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു. വാഴയിലയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ഹൃദ്രോഗം, കാൻസർ എന്നിവയെ പ്രതിരോധിക്കുന്നു. കിഡ്നി സ്റ്റോൺ തടയാനും ഇത് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക