മഴക്കാലത്തും അല്ലാതെയും പറമ്പുകളിലും മറ്റും ധാരാളമായി കാണപ്പെടുന്ന ഒന്നാണ് പരിപ്പ് ചീര എന്ന് അറിയപ്പെടുന്ന സാമ്പാർ ചീര. രുചിയും ഗുണവും ഏറെയുള്ള ഇവ വാട്ടർ ലീഫ് എന്ന പേരിലും ഫിലിപ്പൈൻ സ്പീനാഷ് എന്ന പേരിലും അറിയപ്പെടാറുണ്ട്. നിലത്ത് പറ്റിപ്പിടിച്ച് വളരുന്ന ഇവ 50 സെന്റീമീറ്റർ വരെ ഉയരത്തിലാണ് വളരുക. വഴുവഴുപ്പ് ഉള്ളതും മാംസമായതുമാണ് ഇവയുടെ തണ്ടുകൾ.
മാംസളവും തിളക്കം ഉള്ളതുമായ ഇലകളും ചെറിയ പിങ്കുനിറത്തിലുള്ള പൂക്കളും ഇവയുടെ പ്രത്യേകതകളാണ്. ഉദരരോഗങ്ങളെ ചെറുക്കാൻ കഴിയുന്ന ഈ ചീര ഇലക്കറി എന്നതിലുപരി നല്ലൊരു ഔഷധി കൂടിയാണ്. നീർവാർച്ചയും ജൈവാംശമുള്ളതുമായ മണ്ണിൽ ധാരാളമായി വളരുന്ന ഇവ മഴക്കാലത്താണ് നല്ലതുപോലെ വളരാറുള്ളത്.
തണ്ട് മുറിച്ചു നട്ടോ വിത്ത് പാകിയോ ഇവ നട്ടുവളർത്താൻ സാധിക്കും. രണ്ടു മുട്ട് മണ്ണിനടിയിൽ വരത്തക്ക വിധം 10 സെന്റിമീറ്റർ നീളത്തിലുള്ള തണ്ട് നടാനായി ഉപയോഗിക്കാവുന്നതാണ്. കുഴിനിറയ്ക്കുമ്പോൾ മേൽമണ്ണും കൂടി ചേർക്കാൻ ശ്രദ്ധിക്കണം. നട്ട് ഒന്നരമാസത്തിനകം വിളവെടുക്കാൻ സാധിക്കുന്ന ഇവ വേനൽക്കാലത്താണ് നടുന്നത് എങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ നനച്ചു കൊടുക്കാൻ ശ്രദ്ധിക്കണം.
ഇളം തണ്ടുകളും ഇലകളും എല്ലാം മുറിച്ചെടുത്ത് ഉപയോഗിക്കാറുണ്ടെങ്കിലും മുട്ട ചേർത്ത് തോരൻ വെച്ചാൽ രുചി ഇരട്ടിയാകും. സാധാരണയായി ഒരുതരത്തിലുള്ള കീട ആക്രമണവും ഇതിനെ ബാധിക്കാറില്ല. അതുകൊണ്ടുതന്നെ അടുക്കളത്തോട്ടത്തിൽ പരിപ്പു ചീര ഭാഗമാക്കുന്നതിന് ഇനി ഒട്ടും തന്നെ ആലോചിക്കേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക