പക്ഷിപാതാളം ചിത്രകൂടന്‍ പക്ഷികളുടെ ഒളിത്താവളം എന്നാണ് അറിയപ്പെടുന്നത്. ബ്രഹ്മഗിരി മലനിരകളിലെ മഴക്കാടുകള്‍ താണ്ടി ക്ലേശങ്ങള്‍ നിറഞ്ഞ വനപാത പിന്നിട്ടാൽ ഈ പാതാള ലോകത്ത് എത്തിച്ചേരാന്‍ സാധിക്കും. നൂറ്റാണ്ടുകളായി അനേകം മഴപ്പക്ഷികളും വവ്വാലുകളും ഈ ശിലാഗുഹയില്‍ അഭയം തേടിയിരിക്കുന്നു. പക്ഷികള്‍ക്ക് സ്വന്തമായുള്ള ഈ പാതാളം പകരം വെക്കാന്‍ മറ്റൊന്നുമില്ലാത്ത വയനാട്ടിന്റെ മാത്രം വിസ്മയമാണ്
തിരുനെല്ലി അമ്പലത്തില്‍നിന്ന് എട്ടുകിലോമീറ്ററോളം കാട്ടുപാതയിലൂടെ സഞ്ചരിച്ചാണ് സാഹസികര്‍ ഇവിടെയെത്തുന്നത്. കടല്‍നിരപ്പില്‍ നിന്ന് 1740 മീറ്റര്‍ ഉയരത്തിലുള്ള പക്ഷിപാതാളം ഒരു മനോഹരമായ പക്ഷിനിരീക്ഷണ കേന്ദ്രമാണ്. ചെങ്കുത്തായ മലകളും കന്യാവനങ്ങളും കാട്ടുചോലകളുമുള്ള ഇവിടം അനേകം ഇനത്തില്‍ പെട്ട പക്ഷികളുടെ വാസസ്ഥലമാണ്. കര്‍ണ്ണാടക അതിര്‍ത്തിയോട് തൊട്ടടുത്താണ് ഈ സ്ഥലം. ബ്രഹ്മഗിരിയുടെ വടക്കേ അറ്റത്ത് മലമുകളിലുള്ള വലിയ പാറ ഗുഹകളില്‍ ധാരാളം പക്ഷികളും വന്യമൃഗങ്ങളും വസിക്കുന്നു. ഭീമാകാരങ്ങളായ അനേകം ഉരുളന്‍ കല്ലുകളാല്‍ രൂപപ്പെട്ട ഈ ഗുഹകളിലൂടെ സഞ്ചാരികള്‍ക്ക് അടിയിലേക്ക് ഇറങ്ങാം. താഴെഭാഗത്ത് വവ്വാലുകള്‍ കൂട്ടം കൂട്ടമായി തൂങ്ങിക്കിടക്കുന്ന ഒരു ഗുഹ കാണാന്‍ സാധിക്കും. വിവിധയിനം ദേശാടനപക്ഷികള്‍ കൂടുകൂട്ടുന്ന മറ്റ് ഗുഹകളും പണ്ടുകാലത്ത് സന്യാസിമാര്‍ തപസ്സിന് ഉപയോഗിച്ചിരുന്നു എന്നു കരുതുന്ന ഒരു പുരാതന ഗുഹയും ഇവിടെ ഉണ്ട്.
കാട്ടിലൂടെ 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പക്ഷിപാതാളത്ത് എത്താം. പക്ഷിപാതാളത്ത് പോകുവാന്‍ വനം വകുപ്പില്‍ നിന്ന് അനുമതി വാങ്ങണം. പക്ഷിപാതാളത്തേക്ക് വനം വകുപ്പ് അധികാരപ്പെടുത്തിയിട്ടുള്ള വഴികാട്ടികളെയും (ഗൈഡ്) ഇവിടെനിന്നും ലഭിക്കും. കര്‍ണ്ണാടകത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളും മറുവശത്തു കൂടി ഇവിടേക്ക് എത്തുന്നു.
കൂടാതെ പക്ഷിപാതാളത്തില്‍ പോകണമെങ്കില്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേക സമ്മതം ആവശ്യമുണ്ട്. ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ഗൈഡുകളേയും, വാഹനങ്ങളേയും, ക്യാമ്പിനുള്ള ഉപകരണങ്ങള്‍ എന്നിവ ഒരുക്കുന്നതാണ്.
ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ടാണ്. കരിപ്പൂര്‍ വിമാനതാവളത്തിലേക്ക് ഏകദേശം 23 കിലോമീറ്റര്‍ ദൂരമുണ്ട്. കോഴിക്കോടിന് മാനന്തവാടിയില്‍നിന്നും ഏകദേശം 106 കിലോമീറ്റര്‍ ദൂരമുണ്ട്.നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയമാണ് സന്ദര്‍ശനത്തിന് ഏറ്റവും നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക