ശബരിമല സ്ത്രീപ്രവേശന വിവാദങ്ങൾ കത്തിനിൽക്കുന്ന സമയത്താണ് പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചലച്ചിത്രം അയ്യപ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഓഗസ്റ്റ് സിനിമാസ് പുറത്തു വിട്ടത്. വർഷങ്ങളായി ശങ്കർ രാമകൃഷ്ണനും താനും മനസ്സിൽ കൊണ്ട് നടന്ന പ്രൊജക്റ്റ് ആണിത് എന്ന് പറഞ്ഞു കൊണ്ടാണ് പൃഥ്വി പോസ്റ്റർ പങ്കുവച്ചത്. പോസ്റ്റർ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകരും സിനിമാപ്രേമികളും സംഭവം ഏറ്റെടുത്തു. എന്നാൽ ട്രോളന്മാർ പൃഥ്വിയുടെ അയ്യപ്പനെ അങ്ങനെയങ്ങ് വെറുതെ വിട്ടില്ല.
വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ ആദ്യ ബോളിവുഡ് ചലച്ചിത്രം അയ്യയിലെ ചിത്രവും ഗൂഗിളിൽ നിന്നും തപ്പിയെടുത്ത ഒരു പുലിയുടെ ചിത്രവും ചേർത്ത് വച്ചാണ് വർഷങ്ങളായി ശങ്കർ രാമകൃഷ്ണനും പൃഥ്വിയും മനസ്സിൽ കൊണ്ടുനടന്ന അയ്യപ്പന്റെ പോസ്റ്റർ ഡിസൈൻ ചെയ്തതെന്ന് ട്രോളന്മാർ കണ്ടു പിടിച്ചു. ഏതായാലും പോസ്റ്ററിനേക്കാൾ വേഗത്തിൽ ഈ കണ്ടുപിടിത്തം സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ ഷെയർ ആയിക്കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക