ചില മരുന്നുകള്‍ ഫ്രിഡ്ജിൽ രണ്ടുമുതല്‍ എട്ടുവരെ സെന്റി ഗ്രേഡിലാണ് സൂക്ഷിക്കേണ്ടത്. ഉദാഹരണമായി ഇന്‍സുലിന്‍, പോളിയോ തുള്ളിമരുന്ന് തുടങ്ങിയവ. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവ പക്ഷേ ഫ്രീസറില്‍ വയ്ക്കാന്‍ പാടില്ല, കട്ടപിടിക്കും. പിന്നീടത് ചൂടാക്കേണ്ടി വരും. അങ്ങനെ ചെയ്യുമ്പോള്‍ ഗുണനിലവാരം നഷ്ടമാകും. ഫ്രിജില്‍നിന്ന് എടുത്ത് 10 മിനിറ്റു പുറത്തുവച്ച ശേഷമേ മരുന്ന് ഉപയോഗിക്കാവൂ.
ചില മരുന്നുകളുടെ കാര്യം വ്യത്യസ്തമാണ്. താപനില കൂറയുമ്പോള്‍ പൊടിഞ്ഞുപോകുകയും ഉപയോഗ ശൂന്യമാകുകയും ചെയ്യും. അവ നിര്‍ദിഷ്ട താപനിലയില്‍ തന്നെ സൂക്ഷിക്കണം. അത്തരം മരുന്നുകള്‍ തരുമ്പോള്‍ തന്നെ ഫാര്‍മസിസ്റ്റ് നിര്‍ദേശം നല്‍കും. ചില ആന്റി ബയോട്ടിക്കുകളും മറ്റും പൊടി രൂപത്തിലാണ് ഇപ്പോള്‍ വരുന്നത്. ഒഴിച്ച് മിശ്രിതമാക്കാനുള്ള വെള്ളവും കൂടെയുണ്ടാകും. മരുന്ന് പെട്ടെന്ന് കേടാകാതിരിക്കാന്‍ വേണ്ടിയാണ് നിര്‍മാണക്കമ്പനികള്‍ ഇങ്ങനെ ചെയ്യുന്നത്.
ചില കുത്തിവയ്പ് മരുന്നുകളും ഇതുപോലെ പൊടി രൂപത്തിലാണ് വരുന്നത്. ഉപയോഗ സമയത്താണ് ദ്രവരൂപത്തിലാക്കുന്നത്. വെള്ളം ചേര്‍ത്തു വച്ചാല്‍ ഈര്‍പ്പം മൂലം മരുന്ന് കേടാവും. ആസ്പിരിന്‍ പോലുള്ള മരുന്നുകള്‍ പെട്ടെന്ന് കേടാവുന്നവയാണ്. അതിനാല്‍ അത് നിര്‍ദേശിക്കുന്ന രീതിയില്‍ തന്നെ സൂക്ഷിക്കണം. ഇല്ലെങ്കില്‍ പെട്ടെന്ന് രാസമാറ്റം സംഭവിക്കും. കടുത്ത പ്രകാശത്തിന്റെ അടുത്തു സൂക്ഷിച്ചാല്‍ രാസമാറ്റം സംഭവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക