എസ് ബി ഐയുടെ പുതുക്കിയ സർണ്ണനിക്ഷേപ പദ്ധതിയായ ആര്ജിഡിഎസ്ന് ,മറ്റു സേവിങ്സ് അക്കൗണ്ടുകളേക്കാൾ ഉയർന്ന പലിശനിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ആഭരണങ്ങളായോ സ്വർണ്ണക്കട്ടികളായോ നാണയങ്ങളായോ സ്വർണ്ണം നിക്ഷേപിക്കാം. ഉയര്‍ന്ന പലിശനിരക്കിനൊപ്പം സ്വർണ്ണത്തിന്റെ സുരക്ഷിതത്വവും ഉറപ്പാക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
സ്വര്‍ണ നിക്ഷേപ പദ്ധതിയെ കുറിച്ച് പ്രധാന കാര്യങ്ങള്‍:
1. യോഗ്യത
ഇന്ത്യക്കാരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍, ഹിന്ദു കൂട്ടുകുടുംബങ്ങള്‍, സെബിയില്‍ രജിസ്റ്റര്‍ ചെയ്ത മ്യൂച്വല്‍ ഫണ്ടുകള്‍, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍, കമ്ബനികള്‍ എന്നിവയ്ക്ക് എസ്ബിഐയുടെ ആര്ജിഡിഎസ് പദ്ധതിയില്‍ നിക്ഷേപിക്കാം.
2. എത്ര നിക്ഷേപിക്കാം?
എത്ര അളവ് സ്വര്‍ണം നിക്ഷേപ പദ്ധതിയില്‍ സ്വീകരിക്കും എന്നതാണ് അറിയേണ്ട മറ്റൊരു കാര്യം. ഏറ്റവും ചുരുങ്ങിയത് 30 ഗ്രാം സ്വര്‍ണമെങ്കിലും നിക്ഷേപിക്കണം എന്നതാണ് ചട്ടം. എന്നാല്‍ ഉയര്‍ന്ന സ്വര്‍ണത്തിന് പരിധിയില്ല. എത്ര വേണമെങ്കിലും നിക്ഷേപിക്കാം.
3. നിക്ഷേപ രീതികള്‍
മൂന്നു രീതിയില്‍ സ്വര്‍ണ നിക്ഷേപം നടത്താന്‍ എസ്ബിഐയുടെ പദ്ധതിയില്‍ അവസരമുണ്ട്. ചുരുങ്ങിയത് ഒരു വര്‍ഷം മുതല്‍ പരമാവധി മൂന്നു വര്‍ഷം വരെയുള്ള ഷോര്‍ട്ട് ടേം ബാങ്ക് ഡിപ്പോസിറ്റ് (എസ്ടിബിഡി) ആണ് അതില്‍ ഒന്നാമത്തേത്. അഞ്ച് മുതല്‍ ഏഴ് വരെ വര്‍ഷത്തേക്കുള്ള മീഡിയം ടേം ഗവണ്മെന്റ് ഡിപ്പോസിറ്റ് (എംടിജിഡി) ആണ് രണ്ടാമത്തേത്. കേന്ദ്ര സര്‍ക്കാരിനു വേണ്ടി ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപമാണിത്. 12 മുതല്‍ 15 വരെ വര്‍ഷം കാലാവധിയുള്ള ലോംഗ് ടേം ഗവണ്മെന്റ് ഡിപ്പോസിറ്റാണ് (എല്ടിജിഡി) മൂന്നാമത്തെ ഇനം. ഇതും കേന്ദ്ര സര്‍ക്കാരിന് വേണ്ടി സ്വീകരിക്കുന്ന നിക്ഷേപമാണ്.
4. പലിശ നിരക്ക്
ഹ്രസ്വകാല നിക്ഷേപത്തിന് ആദ്യ വര്‍ഷം 0.50 ശതമാനവും രണ്ട് വര്‍ഷം വരെ 0.55 ശതമാനവും മൂന്നു വര്‍ഷം വരെ 0.60 ശതമാനവുമാണ് പലിശ നിരക്ക്. മീഡിയം ടേമിന് 2.25 ശതമാനവും ലോംഗ് ടേമിന് 2.50 ശതമാനവും പലിശ ലഭിക്കും. മീഡിയം, ലോംഗ് ടേമുകളില്‍ ഓരോ വര്‍ഷവും മാര്‍ച്ച് 31നോ അല്ലെങ്കില്‍ കാലാവധി ആകുമ്ബോള്‍ ഒന്നിച്ചോ പലിശ നല്‍കും.
5. തിരിച്ചടവ്
എസ്ടിബിഡിയില് സ്വര്‍ണമായോ മെച്യുരിറ്റി സമയത്തെ സ്വര്‍ണ വിലയായോ തിരിച്ചടവ് ലഭ്യമാക്കാം. എന്നാല്‍ മറ്റു രണ്ടു രീതികളിലും സ്വര്‍ണമായോ അക്കാലത്തെ അതിന്റെ വിലയായോ നിക്ഷേപം തിരിച്ചെടുക്കാം. എന്നാല്‍ സ്വര്‍ണമായി തിരിച്ചെടുക്കുമ്ബോള്‍ .20 ശതമാനം അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജ് ഈടാക്കും.
6. കാലാവധിയെത്തും മുൻപേ പിന്‍വലിക്കല്‍
എസ്ടിബിഡി സ്കീമില്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തിന് ശേഷമേ നിക്ഷേപം തിരിച്ചെടുക്കാന്‍ പറ്റൂ. പലിശയില്‍ നിന്ന് അതിനുള്ള പിഴ ഈടാക്കിയ ശേഷമാവും നിക്ഷേപം തിരികെ നല്‍കുക. അതേസമയം, എംടിജിഡിയില് മൂന്നു വര്‍ഷത്തിനു ശേഷവും എല്ടിജിഡിയില് അഞ്ചു വര്‍ഷത്തിനു ശേഷവും പിന്‍വലിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക