മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് കൗമാരക്കാരന് മരിച്ചു. പ്രതീക് വഡേക്കര്‍ എന്ന പതിനേഴുകാരനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതീകിന്റെ ബന്ധുക്കളായ സണ്ണി പവാര്‍, നിതിന്‍ വഡേക്കര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കുടുംബത്തിലെ ഒരാളുടെ മരണാനന്തരചടങ്ങുമായി ബന്ധപ്പെട്ട് ഷിര്‍ദിയിലെത്തിയതായിരുന്നു പ്രതീകും മറ്റുള്ളവരും. ചടങ്ങുകള്‍ക്കു ശേഷം തിരിച്ച് ഹോട്ടല്‍ മുറിയിലെത്തിയ പ്രതീക്, ബന്ധുക്കളായ സണ്ണിക്കും നിതിനും മറ്റൊരു യുവാവിനും ഒപ്പം ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യാന്‍ വീഡിയോ ചിത്രീകരിക്കാന്‍ തീരുമാനിച്ചു.
പ്രതീകിന്റെ ബന്ധുക്കളിലൊരാള്‍ കൊണ്ടുവന്ന നാടന്‍തോക്ക് ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കാനായിരുന്നു പദ്ധതി. ഇതിനിടെയാണ് പ്രതീകിന് വെടിയേറ്റത്. തോക്കിന്റെ കാഞ്ചി അബദ്ധത്തില്‍ അമരുകയും പ്രതീകിന് വെടിയേല്‍ക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രതീകിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക