കൊച്ചി: പ്രളയ ദുരിതാശ്വാസത്തിന് പണം നല്‍കുന്നതിനായി തന്റെ പുതിയ വാഹനത്തിന് ഫാന്‍സി നമ്പർ വേണ്ടെന്നുവെച്ച് നടന് പൃഥ്വിരാജ്. പുതുതായി വാങ്ങിയ രണ്ടര കോടിയിലധികം രൂപ വില വരുന്ന റേഞ്ച് റോവര്‍ വോഗ് എന്ന ആഡംബര കാറിന് ഫാന്‍സി നമ്പർ ലഭിക്കുന്നതിനായി പൃഥ്വിരാജ് എറണാകുളം ആര്.ടി.ഒ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
KL 07 CS 7777 എന്ന നമ്പറായിരുന്നു പൃഥ്വിരാജ് പുതിയ വാഹനത്തിനായി റിസര്‍വ് ചെയ്തിരുന്നത്. ഇതിനായി 50,000 രൂപ കെട്ടിവെയ്ക്കുകയും ചെയ്തിരുന്നു. ഇതേ നമ്പർ ആവശ്യപ്പെട്ട് മറ്റു രണ്ടു പേര് കൂടി രംഗത്തെത്തിയതോടെ നമ്പർ ലേലത്തിന് വെയ്ക്കാന്‍ തിരുമാനിച്ചു.
പ്രളയത്തിന്റെ ഭാഗമായി വയനാട് അടക്കമുള്ള പ്രദേശങ്ങളില്‍ വന്‍ ദുരന്തമുണ്ടായസാഹചര്യത്തിൽ താന്‍ ലേലത്തില്‍ നിന്നും പിന്മാറുകയാണെന്നും ഇതിനായി ചെലവഴിക്കാന്‍ ഉദ്ദേശിച്ചിരുന്ന പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുകയാണെന്നും പൃഥിരാജ് പറഞ്ഞതായി എറണാകുളം ആര്.ടി.ഒ കെ മനോജ്കുമാര്‍ പറഞ്ഞു.
പൃഥ്വിരാജ് പിന്മാറിയതോടെ തുടര്‍ന്ന് മറ്റു രണ്ടു പേര് മാത്രമാണ് ഫാന്‍സി നമ്ബറിനായി നടന്ന ലേലത്തില്‍ പങ്കെടുത്തത്. ഇതില്‍ ഫയാസ് എന്ന ആള് 78,000 രൂപയ്ക്ക് നമ്പർ ലേലത്തിൽ നേടിയെന്നും ആര്‍ടിഒ കെ മനോജ് കുമാര്‍ പറഞ്ഞു.
നേരത്തെയും പൃഥ്വിരാജ് ഫാന്‍സി നമ്പറിനായി ലേലത്തില്‍ പങ്കെടുത്തിട്ടുണ്ട്. പൃഥിരാജ് നേരത്തെ വാങ്ങിയ ലംബോര്‍ഗിനിയ്ക്ക് ഇഷ്ട നമ്പർ നമ്പർ ലഭിക്കുന്നതിനായി ലക്ഷങ്ങളാണ് മുടക്കിയത്.
കഴിഞ്ഞ പ്രളയകാലത്തും പൃഥിരാജ് ദുരിതാശ്വാസത്തിനായി പണം നല്‍കിയിരുന്നു. പൃഥിരാജിന്റെ സഹോദരന് ഇന്ദ്രജിത്തും ഭാര്യ പൂര്‍ണിമ ഇന്ദ്രജിത്തും കഴിഞ്ഞ കുറെ ദിവസങ്ങളായി ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള സാധനങ്ങള്‍ ശേഖരിക്കുന്നതില്‍ സജീവമാണ്.
ദുരിത ബാധിതര്‍ക്കായി വയനാട്ടിലേക്ക് ആവശ്യ സാധനങ്ങള്‍ നിറച്ച ട്രക്ക് പൃഥ്വിരാജ് അയച്ചത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഇന്ദ്രജിത്തും പൂര്‍ണിമയും നേത്യത്വം നല്കുന്ന അന്‍പോട് കൊച്ചിക്കൊപ്പം ചേര്‍ന്നായിരുന്നു പൃഥ്വി സാധനങ്ങള്‍ അയച്ചിരുന്നത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായി നിന്ന അന്‍പോട് കൊച്ചിക്കൊപ്പം അവരുടെ അവസാന ദിവസമായിരുന്നു പൃഥ്വിയും എത്തിയത്. ഇത് വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു.
വയനാട്ടിലെ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലേക്കായിരുന്നു പൃഥ്വിരാജ് സാധനങ്ങള്‍ അയച്ചിരുന്നത്. നേരിട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങിയില്ലെങ്കിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയെല്ലാം അറിയിപ്പുകളും ബോധവല്‍ക്കരണവുമെല്ലാം നടന് നല്‍കാറുണ്ട്. മറ്റു താരങ്ങള്‍ക്കൊപ്പം തന്നെ പൃഥ്വിയും പ്രളയ സമയത്ത് സമൂഹ മാധ്യമങ്ങളില്‍ സജീവമായി എത്തുന്നു.
കഴിഞ്ഞ വർഷം മല്ലിക സുകുമാരൻ താമസിക്കുന്ന വീട്ടിലും വെള്ളം കയറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക