വൈദ്യുത സ്പോര്‍ട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ കോനയിലൂടെ ഈ മേഖലയിലെ സാങ്കേതിക മികവു തെളിയിച്ച ഹ്യൂണ്ടേയ് ഇന്ത്യയ്ക്കായി പുത്തന്‍ വൈദ്യുത കാറിനുള്ള സാധ്യത തേടുന്നു.
ഇന്ത്യയിലെയും കൊറിയയിലെയും ഡിസൈന്‍ സെന്ററുകളുടെ സഹകരണത്തില്‍ വ്യാപക വില്‍പ്പന ലക്ഷ്യമിട്ട് ഇന്ത്യയ്ക്കായി പുത്തന്‍ ചെറു വൈദ്യുത വാഹനം വികസിപ്പിക്കാനാണു ഹ്യുണ്ടേയിയുടെ ആലോചന.
2025 ആകുമ്ബോഴേക്ക് ആഗോളതലത്തില്‍ 25 വൈദ്യുത വാഹനങ്ങള്‍ വില്‍പ്പനയ്ക്കെത്തിക്കാനാണു ഹ്യുണ്ടേയ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇപ്പോള്‍ ആലോചനയിലുള്ള ചെറു വൈദ്യുത വാഹനമടക്കം ഇതില്‍ പല മോഡലുകളും ഹ്യുണ്ടേയ് ഇന്ത്യയിലും വില്പനയ്ക്കെത്തിക്കും.
വൈദ്യുത വാഹന വിഭാഗത്തില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ പ്രാദേശികമായി ബാറ്ററി നിര്‍മാണം തുടങ്ങാനുള്ള സാധ്യതയും എച്ച്എംഐഎല്‍ പരിശോധിക്കുന്നുണ്ട്.
അതിനിടെ പരിമിതമായ തോതില്‍ വില്‍പ്പന തുടങ്ങിയ കോന ഇന്ത്യയില്‍ മികച്ച പ്രതികരണമാണു സൃഷ്ടിക്കുന്നതെന്നും ഹ്യുണ്ടേയ് കരുതുന്നു. ജൂണില്‍ തിരഞ്ഞെടുത്ത 11 ഇന്ത്യന്‍ നഗരങ്ങളിലെ 15 ഡീലര്‍ഷിപ്പുകള്‍ വഴിയാണു ഹ്യുണ്ടേയ് കോന വില്പനയ്ക്കു തുടക്കമിട്ടത്.
ആദ്യ മാസം 25 യൂണിറ്റായിരുന്നു ഷോറൂമുകളിലെത്തിച്ചതും. ജൂലൈയിലാവട്ടെ 17 കോന മാത്രമാണു ഡീലര്‍ഷിപ്പുകളിലെത്തിയത്. എന്നാല്‍ ഓഗസ്റ്റില്‍ 88 കോന വില്ക്കാന് കമ്ബനിക്കായി. ഇതോടെ നിരത്തിലെത്തി മൂന്നു മാസത്തിനകം കോന വില്‍പ്പന 130 യൂണിറ്റോളമായിട്ടുണ്ട്.
അവതരണ വേളയില്‍ 25.30 ലക്ഷം രൂപയായിരുന്നു കോനയുടെ ഷോറൂം വില. എന്നാല്‍ വൈദ്യുത വാഹനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ ചരക്ക് സേവന നികുതി നിരക്കില്‍ ഇളവ് അനുവദിച്ചതോടെ കാറിന്റെ വില 23.71 ലക്ഷം രൂപയായി കുറഞ്ഞു.
വൈദ്യുത വാഹനങ്ങളുടെ ജിഎസ്ടി നിലവിലുള്ള 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറച്ചതോടെ കോന വിലയില്‍ 1.59 ലക്ഷം രൂപയുടെ ആനുകൂല്യമാണു ലഭിച്ചത്.
കൂടാതെ തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും സ്വന്തമായി വൈദ്യുത വാഹന നയം പ്രഖ്യാപിക്കുകയും കോന പോലുള്ള മോഡലുകള്‍ക്ക് ആനുകൂല്യങ്ങളും ഇളവുകളും അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
റോഡ് നികുതി നിരക്കില്‍ 100% ഇളവ് അടക്കമുള്ള സൗജന്യങ്ങളാണു ‘കോന’യെയും മറ്റും കാത്തിരിക്കുന്നത്. ഇങ്ങനെ സാഹചര്യം അനുകൂലമായതോടെ വരുംമാസങ്ങളില്‍ ‘കോന’യ്ക്ക് ആവശ്യക്കാരേറുമെന്ന പ്രതീക്ഷയിലാണു ഹ്യുണ്ടേയ്.
ഉയര്‍ന്ന വാഹന വില പരിഗണിച്ചാവണം ഓലയും യൂബറും പോലുള്ള റൈഡ് ഷെയറിങ് കമ്ബനികള്‍ ‘കോന’യില്‍ കാര്യമായ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല. അതേസമയം വന്‍കിട കമ്ബനി ജീവനക്കാര്‍ക്കു യാത്രാസൗകര്യമൊരുക്കാന്‍ കരാറുള്ള ലിതിയം അര്‍ബന്‍ ടെക്നോളജീസ് പോലുള്ള സ്ഥാപനങ്ങള്‍ ‘കോന’യോടു പ്രതിപത്തി കാട്ടുന്നുണ്ട്; ഡല്‍ഹി, പുണെ, ഹൈദരബാദ്, ബെംഗലൂരു നഗരങ്ങളിലെ വൈദ്യുത വാഹന ശ്രേണിയില്‍ ‘കോന’യെയും ഉള്‍പ്പെടുത്താനാണ് ആലോചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക