ഇന്ത്യൻ നിരത്തുകളിൽ ജാവ മടങ്ങിയെത്തിയിട്ട് നവംബര്‍ 15-ന് ഒരു വര്‍ഷം തികയും. ഈ അവസരത്തിൽ ജാവയുടെ 90-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 90 ആനിവേഴ്സറി എഡിഷന് ജാവ ബൈക്കുകള്‍ അവതരിപ്പിച്ചു. 1.73 ലക്ഷം രൂപയാണ് ആനിവേഴ്സറി എഡിഷന്റെ ഡല്‍ഹിയിലെ എക്സ്ഷോറൂം വില.
ചെക്ക് വാഹനനിര്‍മാതാക്കളായ ജാവ 1929-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇത് 90 വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായാണ് ഈ സ്പെഷ്യല്‍ എഡിഷന് പതിപ്പ് എത്തിച്ചിരിക്കുന്നത്. ജാവ 500 ഒഎച്ച്വി എന്ന വാഹനമാണ് 1929-ല്‍ ജാവ ആദ്യമായി പുറത്തിറക്കിയത്.
റെഗുലര്‍ ജാവയുടെ ഡിസൈന്‍ ശൈലി തന്നെയാണ് ഈ വാഹനത്തിലുമുള്ളത്. എന്നാല്‍, 500 ഒഎച്ച്വിയെ ഓര്‍മ്മപ്പെടുത്തുന്ന ഇരട്ട നിറത്തിലാണ് ഈ 90 ബൈക്കുകളും എത്തുക. റെഡ്-ഐവറി നിറങ്ങളിലാണ് നല്‍കിയിട്ടുള്ള ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ 90 ആനിവേഴ്സറി ബാഡ്ജിങ്ങ് നല്‍കിയിട്ടുണ്ട്.
ഈ രണ്ട് നിറങ്ങള്‍ ഒഴിച്ചാല്‍ ബൈക്കിലെ മറ്റ് ഭാഗങ്ങളെല്ലാം ക്രോമിയം ഫിനീഷിലാണ് തീര്‍ത്തിരിക്കുന്നത്. ഫ്യുവല്‍ ടാങ്കിലെ എംബ്ലത്തിനൊപ്പം ഓരോ വാഹനത്തിനും പ്രത്യേകം സീരിയല്‍ നമ്ബറും നല്‍കിയിട്ടുണ്ട്. ബൈക്കുകള്‍ വൈകാതെ ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ സാധിക്കുമെന്നാണ് സൂചന.
ആനിവേഴ്സറി എഡിഷന് ജാവയുടെ ലുക്കില്‍ മാത്രമാണ് മാറ്റങ്ങള്‍. എന്‍ജിനും മറ്റു ഫീച്ചറുകളും റെഗുലര്‍ ജാവയിലേതാണ്. 26 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്ന 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇതിലുള്ളത്. 6 സ്പീഡാണ് ട്രാന്സ്മിഷന്.
പുതിയ ജാവാ ബൈക്കുകൾ യുവാക്കളുടെ ഹരമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ മോഡലിനും മികച്ച പ്രതികരണം ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക