നോട്ടുനിരോധനത്തിനും ജി എസ് ടിക്കും പിന്നാലെ അടുത്ത തീരുമാനവുമായി നരേന്ദ്രമോദി സര്‍ക്കാര്‍. കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കുകയും അതിനു നികുതി ഏര്‍പ്പെടുത്തുന്നതുമാണ് പുതിയ തീരുമാനം എന്നാണ് കരുതുന്നത്.
കള്ളപ്പണം തടയുന്നതിനെന്നാണ് പതിവുപോലെ വിശദീകരണമെങ്കിലും രാജ്യത്തെ വിപണിയില്‍ വീണ്ടുമൊരു സ്തംഭനാവസ്ഥ സൃഷ്ടിക്കാനേ പുതിയ നീക്കം ഉപകരിക്കൂ എന്നാണ് വിലയിരുത്തല്‍.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇതിനായി പുതിയ നിയമം അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കള്ളപ്പണമുപയോഗിച്ചു കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതു തടയാനാണിത്.
നിശ്ചിത പരിധിയില്‍ കൂടുതല്‍ കൈവശം വയ്ക്കുന്ന സ്വര്‍ണം സംബന്ധിച്ച എല്ലാ വിവരങ്ങളും ജനം സമര്‍പ്പിക്കണം. പദ്ധതിയിലൂടെ നിശ്ചിത പരിധിക്കപ്പുറമുള്ള കണക്കില്‍പ്പെടുത്താത്ത സ്വര്‍ണം വെളിപ്പെടുത്താനും, വെളിപ്പെടുത്തിയ സ്വര്‍ണത്തിന്റെ മൂല്യത്തിനനുസരിച്ച് നികുതി നല്‍കാനും വ്യക്തികളെ അനുവദിക്കു൦. കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ നിയന്ത്രണ പരിധി എത്രയെന്നു പദ്ധതി പ്രകാരം നിശ്ചയിക്കും.
നിശ്ചിത പരിധിക്കപ്പുറമുള്ള കണക്കില്‍പ്പെടുത്താത്ത സ്വര്‍ണം കൈവശംവയ്ക്കുന്നവര്‍ക്ക് കനത്ത പിഴ ലഭിക്കും . വിവാഹിതരായ സ്ത്രീകളുടെ നിശ്ചിത തുകയ്ക്ക് താഴെയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കും.
കുറച്ചുകാലം ഗോള്‍ഡ് ആംനെസ്റ്റി സ്കീം ആദായനികുതി ആംനെസ്റ്റി സ്കീമിനൊപ്പമായിരിക്കും. ഒക്ടോബര്‍ രണ്ടാമത്തെ ആഴ്ച പദ്ധതിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ മന്ത്രിസഭാ യോഗം കൂടാന്‍ തീരുമാനിച്ചിരുന്നു. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.
ഈ സാമ്ബത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുമായി ചേര്‍ന്ന് ‘ഗോള്‍ഡ് ബോര്‍ഡ്’ രൂപീകരിക്കും. പുതിയ പദ്ധതിക്കൊപ്പം നിലവിലുള്ള സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്കീം നവീകരിക്കും.
സോവറിന്‍ ബോണ്ട് സ്കീം പ്രകാരം വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും (എച്ച്യുഎഫ്) നാല് കിലോ വരെ സ്വര്‍ണം വാങ്ങാം. പദ്ധതി പ്രകാരം 20 കിലോ സ്വര്‍ണം വാങ്ങാന്‍ ട്രസ്റ്റുകള്‍ക്ക് അനുമതിയുണ്ട്. കൂടാതെ 2.5 ശതമാനം വാര്‍ഷിക കൂപ്പണും ഉണ്ട്. കാലാവധി പൂര്‍ത്തിയാകുമ്ബോള്‍ വിപണി മൂല്യത്തില്‍ സ്വര്‍ണം വീണ്ടെടുക്കുകയും ചെയ്യാം.
ഏറ്റവും അധികം സ്വര്‍ണ്ണം ഉപയോഗിക്കുന്ന ആളുകള്‍ കേരളത്തിലാണ് . കര്‍ണാടക, തമിഴ്നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലാണ് അതുകഴിഞ്ഞാല്‍ ഉപയോഗം കൂടുതല്‍. ഈ സംസ്ഥാനങ്ങളില്‍ മാത്രമേ ഈ തീരുമാനത്തിനെതിരെ ജനവികാരം ഉണ്ടാകാന്‍ സാധ്യതയുള്ളൂ എന്ന വിലയിരുത്തലാണ് ബിജെപിക്ക് . അതിനാല്‍ ഇത് സര്‍ക്കാരിനെ രാഷ്ട്രീയമായി പ്രതികൂലമായി ബാധിക്കില്ല എന്നാണ് അവരുടെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക