സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹേമന്ത്.ജി.നായര്‍ ഒരുക്കുന്ന പുതിയ ചിത്രമായ ഹിഗ്വിറ്റയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25 മികച്ച പ്രശംസകളുമായ് മുന്നോട്ടു പോകുമ്പോള്‍ ആണ് പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച്.
ഹേമന്ത് തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സെക്കന്‍ഡ് ഹാഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബോബി തര്യനും സജിത്ത് അമ്മയുമാണ് ചിത്രം നിര്‍മിക്കുന്നത്.
മലയാളത്തിലെ ഒരുപറ്റം പ്രമുഖ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്മാന്, കുഞ്ചാക്കോ ബോബന്, ടോവിനോ തോമസ്, ആസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരന്‍, സൗബിന് സാഹിര്‍, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തിൽ ടൈറ്റിൽ പങ്കുവച്ചത്.
നിഗൂഡതകള്‍ ഒളിപ്പിക്കുന്ന പേരുമായാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. എല്ലാവരാലും ഒറ്റുകൊടുക്കപ്പെട്ട്, പെനാൽറ്റി കിക്കിനായി കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തതയെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഹിഗ്വിറ്റ എന്ന പേരു കേള്‍ക്കുമ്പോള്‍ കേള്‍വിക്കാര്‍ക്ക് ഓര്മ വരിക. കൊളംബിയന്‍ ഗോള്‍കീപ്പറായിരുന്ന ഹിഗ്വിറ്റയിലൂടെയാണ് ഈ പേര് ലോകം കേള്‍ക്കുന്നത്.
എന്നാല്‍ കൊളംബിയന്‍ ഹിഗ്വിറ്റയുമായ് സിനിമയുടെ കഥക്ക് ബന്ധമുള്ളതായൊന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടില്ല. വെള്ളിത്തിരയില്‍ കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന സുരാജിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.
സുരാജിനൊപ്പം വെങ്കി, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, മാമൂക്കോയ, സുധീഷ്, മഞ്ജു പിള്ള, ശ്രീലക്ഷ്മി, നവാസ് വള്ളികുന്ന്, ഐ എം വിജയന് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ ഹിഗ്വിറ്റയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക