പയ്യന്നൂർ: നാടറിയിച്ച് ഉദ്ഘാടനത്തിന് ഒരുക്കം കൂട്ടിയ നാട്ടാരെ നിരാശനാക്കിയ മന്ത്രി നാടറിയാതെ ഉദ്ഘാടനത്തിനെത്തി മടങ്ങിപ്പോയി. വിദ്യാഭ്യാസ മന്ത്രിസി.രവീന്ദ്രനാഥിനാണ് ഈ ദുരനുഭവം. കരിവെള്ളൂർ എവി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 3 കോടി രൂപ ചെലവിൽ 3 നില കെട്ടിടം പണിതിരുന്നു. നവംബർ 30ന് കെട്ടിടത്തിന്റെ ഉദ്ഘാടനം തീരുമാനിച്ച് വൻ ഒരുക്കങ്ങളാണ് നാട്ടുകാർ നടത്തിയത്. ഉദ്ഘാടകനായ വിദ്യാഭ്യാസ മന്ത്രി തലേന്ന് രാത്രിയിൽ പരിപാടിക്ക് എത്താൻ കഴിയില്ലെന്ന് അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രി തന്നെ ഉദ്ഘാടനം ചെയ്യണമെന്ന ആഗ്രഹത്തിൽ സംഘാടകർ പരിപാടി തന്നെ മാറ്റി വച്ചു. ഇന്നലെ രാവിലെ 9.30ന് ആരുമറിയാതെ മന്ത്രിയുടെ കാർ സ്കൂൾ മുറ്റത്ത്. അകമ്പടി സേവിച്ച പൊലീസുകാരൻ ഹയർ സെക്കൻഡറി ബ്ലോക്ക് ചോദിച്ചപ്പോൾ മുറ്റത്തുണ്ടായവർ മതിലിന് മറുഭാഗമുള്ള കെട്ടിടം ചൂണ്ടിക്കാട്ടിക്കൊടുത്തു. ഹയർ സെക്കൻഡറി മുറ്റത്തെത്തി പൊലീസുകാരൻ വീണ്ടും ചോദിച്ചു. ഉദ്ഘാടനം ഇവിടെയല്ലേ. പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർ അന്തം വിട്ടു നിന്നപ്പോൾ മന്ത്രിക്ക് അബദ്ധം പിടി കിട്ടി. മന്ത്രിയുടെ കാർ ഒരു സെക്കൻഡ് പോലും കളയാതെ തിരിച്ചുവിട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക