തൃശൂര്‍: ഡല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വന്‍ വിജയം കരസ്ഥമാക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫേസ്ബുക്കിലൂടെ ട്രോളി അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിഷാന്ത്. ‘ചൂലുപയോഗിച്ച് വൃത്തിയാക്കാന്‍ ആഹ്വാനം ചെയ്തതാണ്! ഡല്ഹിക്കാര് ഏറ്റെടുത്തു വിജയിപ്പിച്ചു!’ എന്നായിരുന്നു ദീപാ നിഷാന്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതത്. കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വച്ച് ഭാരത്’ പദ്ധതിയുടെ ഭാഗമായി ചൂലുപയോഗിച്ച് പൊതുയിടം വൃത്തിയാക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രവും ദീപാ നിഷാന്ത് തന്റെ ഫേസ്ബുക്ക് കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഏതായാലും അല്‍പ്പനേരം കൊണ്ടുതന്നെ കുറിപ്പ് ഫേസ്ബുക്കില്‍ വൈറലായിട്ടുണ്ട്.
ബി.ജെ.പിയുടെ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് ഡല്‍ഹിയില്‍ ആം ആദ്മി വന്‍ മുന്നേറ്റം നടത്തിയിരുന്നു. നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാന്‍ അവിടെ ബി.ജെ.പിക്കായില്ല. അതേസമയം, ഒരു സീറ്റു പോലും നേടാനാവാതെ നാണം കെട്ട തോല്‍വിയുമായി കോണ്‍ഗ്രസ് തകര്‍ന്നടിയുകയായിരുന്നു. നിലവിലെ കണക്കുകള്‍ അനുസരിച്ച് 70ല്‍ 62 സീറ്റുകള്‍ ആം ആദ്മിയും 8 സീറ്റുകള്‍ ബി.ജെ.പിയും നേടിയിരുന്നു.
ഡല്‍ഹിയെ ഞെട്ടിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ അവകാശപ്പെട്ടിരുന്നെങ്കിലും എ.എ.പിയെ തളയ്ക്കാനാവില്ല എന്ന് തെളിയിക്കുന്നതായി തിരഞ്ഞെടുപ്പ് ഫലം മാറി. ഡല്‍ഹിയില്‍ കേവല ഭൂരിപക്ഷത്തിന് 36 സീറ്റുകളാണ് വേണ്ടത്. മൂന്നാം തവണയും ഭരണത്തിലേറി എ.എ.പി മിന്നും താരമാവുകയാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ആംആദ്മിയുടെ മുന്നേറ്റമായിരുന്നു. പോസ്റ്റല്‍ വോട്ട് എണ്ണിതുടങ്ങിയപ്പോള്‍ ആദ്യ ലീഡ് ബി.ജെ.പിക്കായിരുന്നെങ്കിലും പിന്നീടങ്ങോട്ട് എ.എ.പിയുടെ മുന്നേറ്റമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക