വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നടുവില്‍ പുറത്തിറങ്ങിയ വിജയ്യുടെ മാസ്റ്റര്‍ സിനിമയിലെ ആദ്യ ഗാനത്തിന് 24 മണിക്കൂറില്‍ എട്ട് മില്യണ്‍ കാഴ്ച്ചക്കാര്‍. ‘കുട്ടി സ്റ്റോറി’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് ഇന്റര്‍നെറ്റില്‍ വലിയ തരംഗമായത്. പുതിയ വിവാദ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ഗാനം വെറുപ്പിന്റെ പ്രചാരകരെയും ഉന്നമിട്ടുകൊണ്ടാണ് പുറത്തിറങ്ങിയത്. രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന വെറുപ്പിന്റെ രാഷ്ട്രീയം, അക്രമം, തൊഴിലില്ലായ്മ, അഴിമതി, അസമത്വം, വിലക്കയറ്റം, ദാരിദ്രം, കൊറോണ എന്നീ വിഷയങ്ങള്‍ എല്ലാം തന്നെ വിജയ് തന്റെ ആദ്യ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ അഴിമതിയെക്കുറിച്ചാണ് മാസ്റ്റര്‍ സിനിമ എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
നേരത്തെ വിജയ് ചിത്രങ്ങളിലെ രാഷ്ട്രീയത്തിനെതിരെ ഭരണകക്ഷിയായ ബി.ജെ.പിയില്‍ നിന്നും വലിയ രീതിയില്‍ പ്രതിഷേധവും ഭീഷണിയും നേരിട്ടിരുന്നു. ജി.എസ്.ടിക്കെതിരായ വിജയ് സിനിമയായ മെര്‍സലിലെ വിമര്‍ശനവും തുടര്‍ന്ന് വിജയ്യുടെ മതം ലക്ഷ്യമിട്ടുള്ള ബി.ജെ.പി പരാമര്‍ശങ്ങളും വലിയ രീതിയിലാണ് ചര്‍ച്ചയായത്. ഇതിനെ പ്രതിരോധിച്ച് ‘ജോസഫ് വിജയ്’ എന്ന വിജയ്യുടെ ലെറ്റര്‍ പാഡിലെ പ്രതികരണം വലിയ രീതിയിലാണ് ഏറ്റെടുക്കപ്പെട്ടത്.
കത്തിക്ക് ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന മാസ്റ്ററിലെ പുതിയ ഗാനം സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ളതാണ്. അരുൺരാജ കാമരാജിന്റെതാണ് വരികൾ. നടന് വിജയ് തന്നെയാണ് കുട്ടികള്‍ക്ക് രസകരമായി ഗാനം പാടി കൊടുക്കുന്നത്. വിജയ്യും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയിലെ നായിക മലയാളിയായ മാളവികാ മോഹനൻ ആണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററില്‍ വിജയ്ക്ക് പുറമേ അർജുൻ ദാസ്, ആൻഡ്രിയ, ശന്തനു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബ്ലെസിവിന് റെജിനാള്‍ഡ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. വേനലവധി ലക്ഷ്യമിട്ടാണ് വിജയ്യുടെ മാസ്റ്റര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മാസ്റ്ററിന്റെതായി നേരത്തെ പുറത്ത് വന്ന എല്ലാ പോസ്റ്ററുകളും വലിയ വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക