ആരാധകര്‍ നാളേറെയായി ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. കേരളത്തില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ ആഗോള തലത്തിലുള്ള റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. ലോക വ്യാപകമായി മാര്‍ച്ച് 26നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധേയമായ ചിത്രത്തിലെ ട്രെയ്ലറിനും, ടീസറിനും, പോസ്റ്ററുകള്‍ക്കുമെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ ശ്രദ്ധേയമാവുകയാണ്. മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും ഒന്നിച്ചുള്ള പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പുറത്തുവിട്ട് നിമിഷ നേരം കൊണ്ട് തന്നെ ആരാധകര്‍ പോസ്റ്റര്‍ ഏറ്റെടുത്തുകഴിഞ്ഞു.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ പോസ്റ്ററുകളും, ക്യാരക്ടര്‍ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അവസാനമായി പുറത്തുവിട്ടത് മണിക്കുട്ടന്റെ ക്യാരക്ടര്‍ പോസ്റ്ററായിരുന്നു. മായിന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മണിക്കുട്ടന് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മണിക്കുട്ടന് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിത സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നിരുന്നാലും മരയ്ക്കാര്‍ മണിക്കുട്ടന്റെ കെരിയര്‍ ബെസ്റ്റാകും എന്നാണ് വിലയിരുത്തല്‍. ബാബുരാജ്, സുരേഷ് കൃഷ്ണ, സുരേഷ് കുമാര്‍, ഹരീഷ് പേരടി, മാമൂക്കോയ, മുകേഷ്, ഇന്നസെന്റ് എന്നിവരുടെ പോസ്റ്ററുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
പുതുമന പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ബാബുരാജ് അവതരിപ്പിക്കുന്നത്. മൊയ്തു എന്ന കഥാപാത്രത്തെ സുരേഷ് കൃഷ്ണയും കൊച്ചി രാജ എന്ന കഥാപാത്രത്തെ സുരേഷ് കുമാറും മങ്ങാട്ടച്ചന് എന്ന കഥാപാത്രത്തെ ഹരീഷ് പേരടിയും അവതരിപ്പിക്കുന്നു. അബൂബക്കര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മാമൂക്കോയ അവതരിപ്പിക്കുന്നത്. ദര്മോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മുകേഷ് അവതരിപ്പിക്കുന്നത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തോട് സാമ്യമുള്ളതാണ് ഇന്നസെന്റിന്റെ ക്യാരട്കര്‍ പോസ്റ്റര്‍. ചിത്രത്തില്‍ നമത്ത് കുറുപ്പ് എന്ന കഥാപാത്രത്തെയാണ് ഇന്നസെന്റ് അവതരിപ്പിക്കുന്നത്.
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രഭു, ഫാസില്‍, മധു, അര്ജുന് സര്‍ജ, കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, നെടുമുടി വേണു, മുകേഷ്, സുനില്‍ ഷെട്ടി, സിദ്ദിഖ്, മാമുക്കോയ, ബാബുരാജ്, അശോക് സെല്വന് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ഇവരെക്കൂടാതെ വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആക്ഷനും വിഎഫ്എക്സിനും, ഗ്രാഫിക്സ് വര്‍ക്കുകള്‍ക്കും ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്. തിരുവാണ് ഛായാഗ്രഹന്. സാബു സിറില്‍ കലാസംവിധാനവും നിര്‍വ്വഹിക്കും. ആന്റണി പെരുമ്ബാവൂറും കോണ്‍ഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സൈന വീഡിയോസാണ് ചിത്രത്തിന്റെ ഓഡിയോ റൈററ്സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്സ് വാങ്ങിയത്. അതേസമയം തുക വെളിപ്പെടുത്തിയിട്ടില്ല. മരയ്ക്കാറിന്റെ മറ്റ് ഭാഷകളുടെ ഓഡിയോ റൈറ്റ്സും സൈന തന്നെയാണ് സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക