കൊച്ചി: കൊറോണ വൈറസിനെതിരെ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് ബിഗ് ബോസ് താരം രജിത് കുമാർ. പൊലീസ് കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പ് ആറ്റിങ്ങലിലെ വീട്ടിൽ നിന്ന് ആരാധകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറസിനെ തുരത്താൻ എല്ലാവരും ഒത്തൊരുമയോടെ നിൽക്കണമെന്നും രജിത് കുമാർ വ്യക്തമാക്കി.
‘എന്നെ സ്നേഹിക്കുന്ന എന്റെ മലയാള സഹോദരങ്ങളോട് എനിക്ക് ഒരു അപേക്ഷയേയുള്ളു. സ്നേഹം രണ്ടാമത് മതി, ആദ്യം നമുക്ക് ഈ വൈറസിനെ ഓടിക്കണം. വൈറസിനെ ഓടിക്കാനുള്ള സ്നേഹമാണ് എല്ലാവരും ഒത്തൊരുമയോടെ കാണിക്കേണ്ടത്. അതിന് നമ്മുടെ ഗവൺമെന്റിനെ സ്നേഹിക്കണം, ആരോഗ്യ വകുപ്പിനെ സ്നേഹിക്കണം പൊലീസിനെയും ഡോക്ടറെയും സ്നേഹിക്കണം. കാരണം ഈ വൈറസ് വലിയ വില്ലനാണ്.
ഒരു കുഞ്ഞിനുപോലും അസ്വസ്ഥത ഉണ്ടാകരുത്. വളരെ ജാഗ്രതയോടെ പോയാൽ മാത്രമേ ശരിയാകുകയുള്ളു. ഞാനല്ല പ്രധാനം. എല്ലാ നന്ദിയും സ്നേഹവും എന്റെ ഉള്ളിലുണ്ട്. നിങ്ങൾക്കറിയാമെന്നെ, ഞാൻ ഓടിയൊളിച്ച് കളയുന്ന ഒരാളല്ല. പക്ഷേ ഇപ്പോഴത്തെ അവസ്ഥ എന്ന് പറയുന്നത് ഭീകരമാണ്. അതുകൊണ്ട് മാസ്ക് ധരിക്കണം. എപ്പോഴും സാനിറ്റൈസറുകൾ കയ്യിൽ ഉപയോഗിക്കണം. വളരെ ശ്രദ്ധയോടെ മുന്നോട്ട് പോകണം. നാട് രോഗത്തിൽ നിന്ന് മുക്തമായതിന് ശേഷം നമുക്ക് വീണ്ടും സഹകരിക്കാം, സ്നേഹിക്കാം’-രജിത് കുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക