അമേരിക്കയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം പത്തു ലക്ഷം കടന്നു. മരണസംഖ്യ 58,000 ത്തിലേറെയായി. ലോകത്ത് 31 ലക്ഷത്തിലേറെ ആളുകൾക്ക് വൈറസ് രോഗം കണ്ടെത്തി. സ്പെയിനിലും ഇറ്റലിയിലും രണ്ട് ലക്ഷത്തിലധികം പേർക്ക് രോഗമുണ്ട്. ഇതുവരെ 2.16 ലക്ഷത്തിലധികം പേർ മരിച്ചു. അമേരിക്കയിലും ഇറ്റലിയിലും സ്പെയിനിലും ഫ്രാൻസിലുമാണ് ഏറിയ പേരും മരിച്ചത്. ഒമ്പത് ലക്ഷത്തിലധികം പേരുടെ രോഗം ഭേദമായി. തുർക്കിയിൽ മരണം 2,992 ആയി. ഇറ്റലിയിൽ 382 പേർ കൂടി മരിച്ചു. പാകിസ്താനിൽ കൊറോണ മൂലം മരിച്ചവരുടെ എണ്ണം 301 ആയി ഉയർന്നു. ഇറാനിൽ ആയിരത്തിലധികം ആളുകൾക്ക് പുതിയതായി വൈറസ് സ്ഥിരീകരിച്ചു.
സ്പെയിനിൽ 2,32,128 പേർക്കാണ് രോഗം. 23,822 പേർ മരിച്ചു. 201,505 രോഗികളുള്ള ഇറ്റലിയിൽ 27,359 പേർ മരിച്ചു. ഫ്രാൻസിൽ 169,053 പേർക്കും യുകെയിൽ 162,350 പേർക്കും ജർമനിയിൽ 159,735 പേർക്കും രോഗമുണ്ട്. ഫ്രാൻസിൽ 23,660 പേരാണ് മരിച്ചത്. യുകെയിൽ 21,678 പേരും. ഏറ്റവും കൂടുതൽ പേർക്ക് രോഗമുള്ള അമേരിക്കയിൽ 58,348 പേർ മരിച്ചു. 6,314 പേർ ജർമനിയിൽ മരിച്ചു.
രോഗം ഭേദമായവരുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നത് സ്പെയിനാണ്. 1,23,903 പേരുടെ രോഗം ഭേദമായി. ജർമനിയിൽ 117,400 പേരുടെയും അമേരിക്കയിൽ 115,648 പേരുടെയും രോഗം സുഖമായി.
ഇന്ത്യയിൽ കൊറോണ രോഗികളുടെ എണ്ണം 30,000 ത്തിലേക്ക് അടുക്കുകയാണ്. ഇതിൽ 7027 പേരുടെ രോഗം ഭേദമായി. 937 പേരാണ് ഇതുവരെ മരിച്ചത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ 8590 പേർക്ക് രോഗമുണ്ട്. 369 പേർ മരിച്ചു. ഡൽഹിയിലും ഗുജറാത്തിലും മൂവായിരത്തിലേറെ പേർക്ക് രോഗമുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലും മധ്യ പ്രദേശിലുമാണ് ഏറിയ പേരും മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക