മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ നമ്മള് തിരിച്ചറിയാറ്. തലയോട്ടിയിലെ ചര്‍മ്മത്തെ ബാധിക്കുന്ന ഈ ഫംഗസ് മുടികൊഴിച്ചിലിന് മാത്രമല്ല മുടിയുടെ വളര്‍ച്ച തടയാനും ഇടയാക്കും.
തല ചൊറിച്ചില്‍, തലയില്‍ ചര്‍മ്മത്തിനോട് ചേര്‍ന്നുള്ള വെളുത്ത പൊടികള്‍ മുഖത്തേക്കും തോളിലേക്കും ഇളകി വീഴുക എന്നിവയെല്ലാമാണ് താരന്റെ ആദ്യലക്ഷണങ്ങള്‍. കൂടുതലായാല്‍ താരന് തലയില്‍ മാത്രമല്ല മുഖം, കക്ഷം, നെഞ്ച്, പുറം, തുടയിടുക്കുകള്‍ എന്നിവിടങ്ങളിലെല്ലാം ബാധിച്ചു ചൊറിച്ചില്‍, ഉണലുകള്‍, പഴുപ്പ്, നീരൊലിപ്പ് എന്നിവക്ക് കാരണമാകുന്നു.
അതുകൊണ്ടുതന്നെ താരനെ ഗൗരവത്തോടെ കണ്ട് ചികിത്സ നടത്തേണ്ടത് ആവശ്യമാണ്. ചെറിയ ചില പരിചരണ വിദ്യകളിലൂടെ ഈ ഫംഗസ് ബാധയെ ഒഴിവാക്കാനാകും.
താരന് പ്രധാനമായും രണ്ടുതരമുണ്ട്. എണ്ണമയമുള്ളതും അല്ലാത്തതും
ശിരോചര്‍മത്തിലെ എണ്ണമയം കൂടുന്നതു കൊണ്ടുണ്ടാകുന്നതാണ് എണ്ണമയമുള്ള താരന്. ശിരോചര്‍മത്തിലെ എണ്ണഗ്രന്ഥികള്‍ കൂടുതലായി എണ്ണ ഉല്പാദിപ്പിക്കുന്നു. അത് പിറ്റിറോസ്പോറം എന്ന പൂപ്പലുകള്‍ വളരാന്‍ സഹായിക്കുന്നു.
സോപ്പുകള്‍, ഷാംപൂകള്‍ എന്നിവയുടെ അമിതമായ ഉപയോഗം മൂലം ശിരോചര്‍മം വരണ്ടും താരനുണ്ടാകാം.
മദ്യപാനികള്‍, തടി കൂടിയവര്‍, ഹൃദ്രോഗികള്‍, പ്രമേഹരോഗികള്‍, അപസ്മാര രോഗികള്‍ എന്നിവരിലും താരന് കൂടുതലായി കാണപ്പെടുന്നു.
താരനെ മാറ്റാം
തലയിലെ ചര്‍മ്മം വരണ്ടുപോകുന്നത് അകറ്റാനായി അല്പം ചെറുനാരങ്ങാനീര് വെളളത്തില്‍ ചേര്‍ത്ത് തലമുടി കഴുകാം. പക്ഷെ ഒരു കാരണവശാലും ചെറുനാരങ്ങനീര് മാത്രം തലയോട്ടിലില്‍ തേച്ച് പിടിപ്പിക്കരുത്. വെളളത്തിലോ തൈരിലോ ചേര്‍ത്ത് മാത്രം ഉപയോഗിക്കുക.
കീഴാര്‍നെല്ലി ചതച്ച് താളിയാക്കി കുളിക്കുന്നതിനുമുന്പ് ദിവസവും ഉപയോഗിക്കുക. സ്ഥിരമായി ഇതു ചെയ്യുകയാണെങ്കില്‍ താരന് പൂര്‍ണമായും ഇല്ലാതാകുമെന്നു മാത്രമല്ല മുടി തഴച്ചു വളരുകയും ചെയ്യും.
തെറ്റിപ്പൂവ്, വെറ്റില, തുളസിയില എന്നിവ ചതച്ചെടുത്ത ചാറ് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തലയില്‍ പുരട്ടിയശേഷം കുളിക്കുക. ഫലം ഉണ്ടാകും.
കടുക് അരച്ച് വെളിച്ചെണ്ണ ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി തലയില്‍ തേച്ചുകുളിക്കുന്നതു നല്ലതാണ്.
മുട്ടയുടെ മഞ്ഞക്കരു തലയില്‍ തേച്ച് പിടിപ്പിച്ചശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ഷാമ്പുവോ ബാത്ത് സോപ്പോ ഉപയോഗിച്ച് വൃത്തിയായി കഴുകികളയുക.
വെളിച്ചെണ്ണയില്‍ പച്ചകര്‍പ്പൂരം ചേര്‍ത്ത് കാച്ചി തിളപ്പിച്ച എണ്ണ തലയില്‍ തേച്ച് കുളിക്കുക.
പാളയംകോടന് പഴം താരനു നല്ലതാണ്. ഇത് ഉടച്ച് കുഴമ്പാക്കി തലയില്‍ പുരട്ടിയശേഷം പത്തു മിനിട്ട് കഴിഞ്ഞ് കഴുകികളയുക.
ശുദ്ധമായ ചെറുപയര്‍പൊടി തൈരില്‍ കലക്കി തലയില്‍ തേച്ചു കുളിക്കുന്നത് ഫലം ചെയ്യും.
ചെമ്പരത്തിപ്പൂവോ തെച്ചിപ്പൂവോ ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി കുളിക്കുന്നതിനു മുന്‍പായി സ്ഥിരമായി തലയില്‍ തേയ്ക്കുന്നതു നല്ലതാണ്.
വീടുകളില്‍ സുലഭമായി ലഭിക്കുന്ന കറ്റാര്‍വാഴയുടെ നീര് മുടിവളരാനും താരന് മാറാനും ഏറെ സഹായകരമാകും. എണ്ണമയം നീക്കം ചെയ്ത് ശേഷം തലയോട്ടിയില്‍ കറ്റാര്‍വാഴയുടെ നീര് നന്നായി തേച്ച്പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. ശേഷം കഴുകി കളയുക
പ്രതികരിക്കാൻ ഇവിടെ എഴുതുക