തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിശ്ചലമായ വിദ്യാഭ്യാസ മേഖലക്ക് പുത്തന്‍ ഉണര്‍വ് പകരാന്‍ ഒരുങ്ങുകയാണ് ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ സര്‍ക്കാര്‍. ഇന്നുമുതൽ ഓണ്‍ലൈന്‍ ക്ളാസുകള്‍ ആരംഭിക്കും.
വിക്ടേഴ്സ് വിദ്യാഭ്യാസ ചാനലില്‍ രാവിലെ 8.30 നാണ് ആദ്യ ക്ളാസിന് തുടക്കം. ആദ്യ ആഴ്ചയിലെ ക്ളാസുകള്‍ ട്രയല്‍ റണ്‍ ആയി കണക്കാക്കി അടുത്ത ആഴ്ചയോടെ ക്ലാസുകള്‍ വിപുലീകരിക്കാനാണ് തീരുമാനം.
ക്ളാസുകള്‍ മുടങ്ങരുതെന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന ഓണ്‍ലൈന്‍ രീതി, കൊവിഡ് പ്രതിസന്ധി അവസാനിക്കുന്നതു വരെ മാത്രമാണെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു മാസത്തേക്കുള്ള ക്ലാസുകളാണ് ഇപ്പോള്‍ ഷൂട്ട് ചെയ്തിരിക്കുന്നത്. ക്ലാസ് മുറികളിലെ വിദ്യാഭ്യാസത്തിനു പകരമാകാന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് കഴിയില്ലെങ്കിലും സ്കൂളുകള്‍ തുറക്കുമ്പോഴത്തെ പഠനഭാരം ലഘൂകരിക്കാന്‍ പുതിയ രീതിക്കു കഴിയുമെന്നാണ് പ്രതീക്ഷ.
എല്ലാ ഡി.ടി.എച്ച് കണക്ഷനുകളിലും വിക്ടേഴ്സ് ചാനല്‍ ലഭ്യമായിട്ടില്ലെന്നതാണ് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ആദ്യ വെല്ലുവിളി. ചാനല്‍ ലഭ്യമാക്കാന്‍ മുഴുവന്‍ ഡി.ടി.എച്ച് ഓപ്പറേറ്റര്‍മാര്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും പലര്‍ക്കും കിട്ടിത്തുടങ്ങിയിട്ടില്ല.
ഏഷ്യാനെറ്റ് ഡിജിറ്റലില്‍ 411, ഡെന്‍ നെറ്റ്വര്ക്കില് 639, കേരള വിഷനില്‍ 42, ഡിജി മീഡിയയില്‍ 149, സിറ്റി ചാനലില്‍ 116 എന്നീ നമ്ബറുകളില്‍ വിക്ടേഴ്സ് ചാനല്‍ ലഭിക്കും. വീഡിയോകോണ്‍ ഡി 2എച്ചിലും ഡിഷ് ടി.വി.യിലും 642ാം നമ്ബറില്‍ ചാനല്‍ ലഭ്യമാകും. www.victers.kite.kerala.gov.in, facebook.com/Victers educhannel, youtube.com/ itsvicters എന്നിവ വഴിയും ക്ലാസുകള്‍ ലഭിക്കും.
ലക്ഷക്കണക്കിനു പേര് ഒരേസമയം ഓണ്‍ലൈന്‍ ക്ലാസുകളെ ആശ്രയിക്കുമ്പോള്‍ ഇന്റര്‍നെറ്റ് സേവനങ്ങളുടെ വേഗത കുറയുമെന്നും ആശങ്കയുണ്ട്.
ഇന്നത്തെ ടൈംടേബിള്‍
പ്ലസ് ടു: രാവിലെ 8.30ന് ഇംഗ്ലീഷ്, 9ന് ജിയോഗ്രഫി, 9.30ന് മാത്തമാറ്റിക്സ്, 10ന് കെമിസ്ട്രി
10ാം ക്ലാസ്: 11ന് ഭൗതികശാസ്ത്രം, 11.30ന് ഗണിതശാസ്ത്രം, 12 ന് ജീവശാസ്ത്രം.
ഒന്നാം ക്ലാസ്: 10.30ന് പൊതുവിഷയം
രണ്ടാം ക്ലാസ്: 12.30ന് പൊതുവിഷയം
മൂന്നാം ക്ലാസ്: ഒരു മണിക്ക് മലയാളം
നാലാം ക്ലാസ്: 1.30ന് ഇംഗ്ലീഷ്
അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്ക് മലയാളം ഉച്ചയ്ക്ക് യഥാക്രമം 2, 2.30, 3 മണിക്ക്
എട്ടാം ക്ലാസ്: വൈകിട്ട് 3.30ന് ഗണിതശാസ്ത്രം. 4 ന് രസതന്ത്രം
ഒമ്പതാം ക്ലാസ്: 4.30ന് ഇംഗ്ലീഷ്. 5ന് ഗണിതശാസ്ത്രം
പുനസംപ്രേഷണം
പ്ലസ് ടു ക്ലാസിലെ നാലു വിഷയങ്ങളും ഇന്നു രാത്രി 7 മുതലും 10ാം ക്ലാസിലെ മൂന്നു വിഷയങ്ങള്‍ വൈകിട്ട് 5.30 മുതലും പുനഃസംപ്രേഷണം ചെയ്യും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ച.
ലളിതമായാണ് ക്ലാസുകള്‍ തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ദിവസങ്ങളില്‍ ക്ലാസുകള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല. പാഠഭാഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണാവുന്ന വിധത്തില്‍ വിവിധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
– അന്‍വര്‍ സാദത്ത്, കൈറ്റ് സി.ഇ.ഒ
പ്രതികരിക്കാൻ ഇവിടെ എഴുതുക