ബെംഗളൂരു : വായിലെയും മൂക്കിലെയും സ്രവങ്ങള്‍ വഴിയാണ് കൊറോണ വൈറസിന്റെ വ്യാപനമെന്നും, ഇത് ഉപയോഗിച്ചാണ് രോഗ പരിശോധന നടത്തുന്നതെന്നും എല്ലാവര്ക്കും അറിയാം. എന്നാല്‍, കണ്ണീരിലൂടെയും വ്യാപനം നടക്കാമെന്നാണ് ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രി നടത്തിയ പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ആശുപത്രിയിലെ 45 കൊവിഡ് രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഈ സാധ്യത തെളിഞ്ഞത്. പരിശോധിച്ച 44 പേരില്‍ ‘പിങ്ക് ഐ’ ലക്ഷണം ഉണ്ടാകുകയോ കണ്ണീരില്‍ കൊറോണവൈറസ് സാന്നിധ്യം കണ്ടെത്താന്‍ കഴിയുകയോ ചെയ്തില്ല. എന്നാല്‍, കണ്ണിന് നിറവ്യത്യാസം കണ്ട ഒരാളില്‍ കണ്ണിലെ സ്രവമുപയോഗിച്ച് പരിശോധന നടത്തിയപ്പോള്‍ വൈറസ് സാന്നിധ്യം കണ്ടെത്തി.
ഇത്തരത്തില്‍ നടത്തുന്ന പരിശോധനയിലൂടെയുള്ള പോസിറ്റീവ് റേറ്റ് താരതമ്യേന കുറവാണെങ്കിലും, കണ്ണുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ ഈ പരിശോധന കൂടി നടത്തുന്നത് ഉചിതമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊവിഡ് 19 സ്ഥിരീകരിക്കാതെ കണ്ണിന് മറ്റ് അസുഖങ്ങളുമായി വരുന്നവരില്‍ നിന്ന് രോഗവ്യാപനത്തിനുള്ള സാധ്യതയുള്ളതിനാല്‍ നേത്രരോഗ ഡോക്ടര്‍മാര്‍ പരിശോധനാസമയത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ പ്രധാനിയായ ബെംഗളൂരു മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസേര്‍ച്ച് ഇന്സ്റ്റിസ്റ്റിയൂട്ടിലെ മൈക്രോബയോളജിസ്റ്റായ ഡോ. അംബിക രങ്കയ്യ പറഞ്ഞു. ചെങ്കണ്ണ് ഉള്ള രോഗികളുടെ കണ്ണുകളില്‍ നിന്ന് നിരന്തരം വെള്ളം വരികയും പീള അടിയുകയും ചെയ്യുന്നതിനാല്‍ വൈറസ് വ്യാപനത്തിന് സാധ്യത വളരെ കൂടുതലാണ്.
പഠനത്തിന് തിരഞ്ഞെടുത്ത 45 പേരില്‍ ആറ് വയസ്സ് മുതല്‍ 75 വയസ്സ് വരെയുള്ളവരാണ് ഉണ്ടായിരുന്നത്. രോഗബാധ സംശയിക്കുന്നവരെയും ഗുരുതര രോഗികളെയും പഠനത്തില്‍ നിന്ന് ഒഴിവാക്കി. 24 വയസ്സുള്ള രോഗിയിലാണ് കണ്ണിലെ സ്രവ പരിശോധന പോസിറ്റീവ് ആയത്. ഇയാള്‍ക്ക് പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധിതനായത്. ഇയാളില്‍ നിന്ന് കൂടുതല്‍ വ്യാപനം നടന്നിട്ടുണ്ടാകാന്‍ സാധ്യത ഉള്ളതായും റിപ്പോര്‍ട്ടിലുണ്ട്.
മുന്‍പ് ചൈനയില്‍ നടത്തിയ പഠനത്തിലും ഇത്തരമൊരു കണ്ടെത്തല്‍ ഉണ്ടായിരുന്നു. അവിടെ 30 പേരില്‍ നടത്തിയ പഠനത്തില്‍ ഒരാളിലാണ് കണ്ണീര് സ്രവ പരിശോധന പോസിറ്റീവ് ആയിരുന്നത്.
ഇതെല്ലാം സൂചിപ്പിക്കുന്നത് മറ്റ് ബാഹ്യലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികളില്‍ കൂടി ഇത്തരത്തില്‍ രോഗവ്യാപനം ഉണ്ടകാമെന്നാണെന്ന് ഡോ. അംബിക പറഞ്ഞു. ഇന്ത്യന്‍ ജേണല്‍ ഓഫ് ഒപ്താല്‍മോളജി എന്ന പുസ്തകത്തലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക