കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1.76 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അയ്യായിരത്തിലേറെ പേർ മരിച്ചു. ബ്രസീലിൽ 40,000 ത്തിലേറെ പേർക്കും അമേരിക്കയിൽ 37,640 പേർക്കും പുതിയതായി രോഗം കണ്ടെത്തി. ഇതോടെ ലോകമെമ്പാടും കൊവിഡ് ബാധിച്ചവരുടെ എണ്ണം 96.99 ലക്ഷമായി ഉയർന്നു. ഇതിൽ 52.51 ലക്ഷം പേർ രോഗവിമുക്തരായി. ബ്രസീലിൽ 1,180 പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 55,000 കടന്നു. മെക്സിക്കോയിൽ കഴിഞ്ഞ ദിവസം മാത്രം 947 പേരാണ് മരിച്ചത്. ആകെ മരണം 4.9 ലക്ഷം പിന്നിട്ടു. നിലവിൽ 39.57 ലക്ഷം പേർ ചികിത്സയിലുണ്ട്. അമേരിക്കയിലും ബ്രസീലിലും റഷ്യയിലും ഇന്ത്യയിലും യുകെയിലുമാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.
ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയിൽ 25.02 ലക്ഷം പേർക്കാണ് രോഗമുള്ളത്. 1.26 ലക്ഷം പേർ മരിച്ചു. അമേരിക്കയ്ക്ക് പിന്നിൽ ബ്രസീലിലാണ് കൂടുതൽ രോഗികൾ. ബ്രസീലിൽ 12.33 ലക്ഷം പേർക്ക് രോഗമുണ്ട്. 55,054 പേരാണ് മരിച്ചത്. റഷ്യയിൽ 7,113 പേർക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. ഇതോടെ കൊവിഡ് പിടിപെട്ടവരുടെ എണ്ണം 6.13 ലക്ഷമായി. 8,605 പേരാണ് മരിച്ചത്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇന്ത്യയിൽ 4.73 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2.71 ലക്ഷം പേരുടെ രോഗം ഭേദമായി. ആകെ 14,894 പേരാണ് മരിച്ചത്. മഹാരാഷ്ട്രയിലും ഡൽഹിയുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിൽ മാത്രം 1.42 ലക്ഷം രോഗികളുണ്ട്. ഡൽഹിയിൽ 2365 പേരും ഗുജറാത്തിൽ 1735 പേരും മഹാരാഷ്ട്രയിൽ 6739 പേരും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക