ന്യൂഡൽഹി: കോവിഡ്-19 രോഗവ്യാപനത്തെ തുടർന്ന് മാറ്റിവെച്ച ഐ.പി.എൽ സെപ്റ്റംബറിൽ യു.എ.ഇയിൽ നടത്തുമെന്ന് ഉറപ്പായതോടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോനി വീണ്ടും വാർത്തകളിൽ നിറയുകയാണ്. ധോനിയുടെ മടങ്ങിവരവ് കാത്തിരുന്ന ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയായിരുന്നു ഇത്.
ഇന്ത്യൻ ടീമിലേക്കുള്ള ധോനിയുടെ മടങ്ങിവരവ് ഐ.പി.എല്ലിനെ ആശ്രയിച്ചിരിക്കുമെന്നായിരുന്നു വിലയിരുത്തൽ. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണറും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ.
ഇന്ത്യയ്ക്കായി ഇനിയും മത്സരങ്ങൾ ജയിപ്പിക്കാനുമെന്ന് തോന്നുന്നുണ്ടെങ്കിൽ ധോനി കളി തുടരണമെന്ന് ഗംഭീർ പറഞ്ഞു.
”പ്രായം വെറുമൊരു സംഖ്യ മാത്രമാണ്. മികച്ച ഫോമിലാണെങ്കിൽ നിങ്ങൾക്ക് പന്ത് നന്നായി അടിച്ചകറ്റാൻ സാധിക്കും. കായിക ക്ഷമതയുണ്ടെന്നും മികച്ച ഫോമിലാണെന്നും കളി ആസ്വദിക്കാൻ സാധിക്കുന്നുണ്ടെന്നും രാജ്യത്തിനായി പ്രത്യേകിച്ചും ആറും ഏഴും നമ്പറിൽ ഇനിയും മത്സരങ്ങൾ ജയിപ്പിക്കാൻ സാധിക്കുമെന്നും ധോനിക്ക് തോന്നുന്നുണ്ടെങ്കിൽ അദ്ദേഹം കളി തുടരുക തന്നെ വേണം.” – സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയിൽ പങ്കെടുക്കവെ ഗംഭീർ പറഞ്ഞു.
2019 ഏകദിന ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനോട് തോറ്റ് ഇന്ത്യ പുറത്തായ ശേഷം പിന്നീടിതുവരെ ധോനി മത്സര ക്രിക്കറ്റിന്റെ ഭാഗമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക