കണ്ണൂർ: രാമപുരം പഴയ പാലത്തിന്റെ അനുബന്ധ റോഡ് നിർമാണം ഡിസംബറിൽ പൂർത്തിയാക്കും. ടി.വി.രാജേഷ് എം.എൽ.എയാണ് ഈ കാര്യം അറിയിച്ചത്. നിലവിലുണ്ടായിരുന്ന പാലത്തിന്റെ അനുബന്ധ റോഡ് പൊളിച്ചുമാറ്റിയതിനെത്തുടർന്ന് വാഹനങ്ങൾ പുതിയ പാലത്തിലൂടെയാണ് പോകുന്നത്. മൂന്നുമാസം കൊണ്ട് അനുബന്ധ റോഡ് പ്രവൃത്തി പൂർത്തിയാക്കുമെന്നാണ് പറഞ്ഞതെങ്കിലും ലോക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് പണി നീണ്ടുപോയി.
ഇതുസംബന്ധിച്ച് കെ.എസ്.ടി.പി. അധികൃതർക്ക് എം.എൽ.എ. കത്ത് നൽകി. വെള്ളിയാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ എം.എൽ.എ. പ്രവൃത്തി വിലയിരുത്തി. പ്രവൃത്തി വൈകുന്നത് ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾക്ക് ഗതാഗതക്കുരുക്കിനിടയാക്കുന്നുവെന്നും അപകടസാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പണി ഡിസംബറിൽ പൂർത്തീകരിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ വി.എസ്.മനീഷ എം.എൽ.എ.ക്ക് ഉറപ്പുനൽകി. അസി. എൻജിനീയർ കെ.എം.മനോജ്, ആർ.ഡി.എസ്. സൈറ്റ് എൻജിനീയർ സാഗർ, എൻ.വി.ശശീന്ദ്രൻ എന്നിവരും കൂടെയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക