കോവിഡ് ബാധിതനായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ആരാധകന് ആശംസ വാക്കുകളുമായി സൂപ്പർതാരം രജനീകാന്ത്. മുരളീ എന്ന ആരാധകനെ തേടിയാണ് രജനീകാന്തിന്റെ ഓഡിയോ സന്ദേശം എത്തിയത്.
ഒന്നും സംഭവിക്കില്ലെന്നും അസുഖം മാറിയെത്തിയതിന് ശേഷം തന്നെ കാണാൻ വീട്ടിലേക്ക് വരണമെന്നുമാണ് സൂപ്പർതാരം തന്റെ ആരാധകനോട് പറഞ്ഞത്. നേരത്തെ കോവിഡ് ബാധിതനായി ആശുപത്രിയിൽ കഴിയുന്ന മുരളി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു.
‘രജനികാന്താണ് എന്റെ നേതാവ്. 2021ലെ തിരഞ്ഞെടുപ്പിൽ രജനി വിജയിക്കുന്നത് കാണണം എന്നായിരുന്നു എന്റെ ആഗ്രഹം. താങ്കൾ നാട് ഭരിക്കണം. എനിക്ക് അതു കാണാനോ അങ്ങയ്ക്കായി പ്രവർത്തിക്കാനോ കഴിയില്ലല്ലോ എന്ന സങ്കടമാണ് അവശേഷിക്കുന്നത്.’ എന്നാണ് മുരളി കുറിച്ചത്. ഇത് ശ്രദ്ധയിൽപെട്ടതോടെയാണ് മുരളിയെ തേടി തന്റെ പ്രിയതാരത്തിന്റെ സന്ദേശം എത്തിയത്.
‘മുരളീ, ഞാൻ രജനികാന്താണ് സംസാരിക്കുന്നത്. നിനക്ക് ഒന്നും സംഭവിക്കില്ല കണ്ണാ. ധൈര്യമായിരിക്ക്. ഞാൻ നിനക്കായി പ്രാർഥിക്കുന്നുണ്ട്. വേഗം അസുഖം മാറി വീട്ടിലെത്തും. വീട്ടിലെത്തിയ ശേഷം ദയവായി നിന്റെ കുടുംബത്തെയും കൂട്ടി എന്റെ വീട്ടിലേക്ക് വരണം.ഞാൻ നിനക്കായി കാത്തിരിക്കും. ധൈര്യമായിരിക്കൂ. എല്ലാ പ്രാർഥനകളും.’ എന്നാണ് രജനീകാന്ത് പറഞ്ഞത്. വെന്റിലേറ്ററിൽ കഴിയുന്ന ആരാധകന്റെ ചിത്രത്തിനൊപ്പമുള്ള ഓഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക