കണ്ണൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്ന സോളാര്‍ പവര്‍ പ്ലാന്റ് നിര്‍മ്മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കും. കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ ഒമ്പത് സ്കൂളുകളില്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 38 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി.
ഗവ. പോളിടെക്നിക് കോളേജ് തോട്ടട, മിക്സഡ് യുപി സ്കൂള്‍ തളാപ്പ്, മുനിസിപ്പല്‍ സ്കൂള്‍, ഗേള്‍സ് എച്ച്എസ് പയ്യാമ്പലം, ഗവ യുപി സ്കൂള്‍ നീര്ച്ചാല്, ഗവ. യുപി സ്കൂള്‍ താവക്കര, ഗവ. എച്ച്എസ്എസ് ചേലോറ, ഗവ. എച്ച്എസ്എസ് കണ്ണൂര്‍ സിറ്റി, ഗവ. എല്‍പി സ്കൂള്‍ തായത്തെരു എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 62 കിലോ വാള്‍ട്ട് ശേഷിയുള്ള സോളാര്‍ പ്ലാന്റുകളാണ് സ്ഥാപിക്കുന്നത്. അനര്‍ട്ടിനാണ് പദ്ധതിയുടെ നിര്‍വ്വഹണ ചുമതല. പ്രവൃത്തി ഡിസംബര്‍ അവസാനം പൂര്‍ത്തിയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക