കൊച്ചിയിലെ മാളിൽ വച്ച് നടിയെ അപമാനിച്ച സംഭവത്തിൽ ഇന്ന് പ്രതികൾ ജാമ്യാപേക്ഷ നൽകും. എറണാകുളം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകുക. സംഭവത്തിൽ പ്രതികളായ മലപ്പുറം മങ്കട സ്വദേശികൾ മുഹമ്മദ് ആദിലിനെയും മുഹമ്മദ് റംഷാദിനെയും കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
നിലവിൽ പ്രതികൾ എറണാകുളം കാക്കനാട് ജില്ലാ ജയിലിലാണുള്ളത്. അതേസമയം കഴിഞ്ഞ ദിവസം സംഭവത്തിൽ നടിയ്ക്ക് പരാതിയില്ലെന്നും പരസ്യമായി ഇരുവരും മാപ്പ് പറഞ്ഞതിൽ ക്ഷമിക്കാൻ തയ്യാറാണെന്നും നടി പറഞ്ഞിരുന്നു. ഇക്കാര്യം കൂടി മുൻ നിർത്തിയായിരിക്കും പ്രതികളുടെ ജാമ്യാപേക്ഷ. നടിയുടെ അമ്മയാണ് മൊഴി നൽകിയിരിക്കുന്നതെന്നതും അതിന്മേലാണ് കേസ് എടുത്തിരിക്കുന്നതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടും. അതേസമയം, പ്രതികളോട് ഇത്ര എളുപ്പത്തിൽ ക്ഷമിക്കാൻ തയ്യാറായ നടിയെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. നടിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വനിതാ കമ്മീഷനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക