ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് ദിലീപ് നാരായണന് സംവിധാനം ചെയ്യുന്ന ‘മൈ ഡിയര്‍ മച്ചാന്‍സ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ദുല്‍ഖര്‍ സല്‍മാന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. യുവതാരങ്ങളായ അഷ്ക്കര്‍ സൗദാന്‍, രാഹുല്‍ മാധവ്, ബാല, ആര്യന്, അബിന്‍ ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍.
വ്യത്യസ്തമായ സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നാല് സുഹൃത്തുക്കളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പ്രണയം, കോമഡി, ആക്ഷന്‍ എന്നിവയ്ക്ക് ഏറെ പ്രാധാന്യമുള്ള മൈ ഡിയര്‍ മച്ചാന്‍സ് ഒരു ഫാമിലി എന്റര്ടെയ്നര് കൂടിയാണ്.
അപ്രതീക്ഷിതമായി വരുന്ന ചില തിരിച്ചടികളെ വളരെ പോസിറ്റീവായി കണ്ട് അതിജീവിക്കുന്ന ചെറുപ്പക്കാരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പ്രതിനായക വേഷത്തിലാണ് ചിത്രത്തില്‍ ബാല എത്തുന്നത്. നീരജ ആണ് നായിക. പാലക്കാട്, ഒറ്റപ്പാലം, പൊന്നാനി, പൊള്ളാച്ചി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.
സാജു കൊടിയന്‍, സായ്കുമാര്, കോട്ടയം പ്രദീപ്, കിച്ചു, അമീര്‍ നിയാസ്, നവാസ് ബക്കര്‍, ചാലി പാല, മേഘനാഥന്, ഉണ്ണി നായര്‍, ബോബന് ആലുംമ്മൂടന്‍, ആര്യനന്ദ, ബിസ്മി നവാസ്, നീന കുറുപ്പ്, സ്നേഹ മറിമായം, സീത എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. വിവേക്, മുഹമ്മദ് ഹാഷിം എന്നിവരാണ് കഥ, തിരക്കഥ ഒരുക്കുന്നത്.
ഛായാഗ്രഹണം-പി സുകുമാര്‍, ഗാനരചന-എസ് രമേശന് നായര്‍, ബി ഹരിനാരായണന്, സംഗീതം-വിഷ്ണു മോഹന്‍ സിത്താര, മധു ബാലകൃഷ്ണന്, എഡിറ്റിംഗ്-ലിജോ പോള്‍, കലാസംവിധാനം-അജയ് മങ്ങാട്, ദേവന് കൊടുങ്ങല്ലൂര്‍, മേക്കപ്പ്-രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം-സോബിന്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര്-അനീഷ് പെരുമ്പിലാവ്, ചീഫ് അസോസിയേറ്റ്-ഷൈജു കെ ജി, പി.ആര്.ഒ.-പി.ആര് സുമേരന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക