സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പടെ ഉയർന്ന അഭിപ്രായ ഭിന്നതകൾക്കിടയിലും കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് വോട്ട് തേടി കെ. സുരേന്ദ്രൻ രംഗത്ത്.
ശോഭാ സുരേന്ദ്രന് ഒപ്പം മണ്ഡലത്തിലൂടെ റോഡ് ഷോയിലും കെ സുരേന്ദ്രൻ പങ്കെടുത്തു. കഴക്കൂട്ടത്ത് യാതൊരു ഭിന്നതയുമില്ല, പാർട്ടി ഒറ്റക്കെട്ടെന്നും ശോഭ സുരേന്ദ്രൻ വിജയിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ശോഭാ സുരേന്ദ്രൻറെ വരവോടെ മണ്ഡലത്തിലെ എൻഡിഎ ക്യാമ്പിൽ വലിയ ഉണർവ് ഉണ്ടായെന്നും കൂടുതൽ ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ശോഭാ സുരേന്ദ്രന് ഇതിനകം തന്നെ കഴിഞ്ഞിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്ത് ഒട്ടനവധി താമരകൾ വിരിയുമെന്നും വോട്ട് ശതമാനം വർദ്ധിപ്പിക്കാനല്ല സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് ഇത്തവണത്തെ മത്സരമെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരത്തും കോന്നിയിലും ബിജെപി സ്ഥാനാർത്ഥിയായി കെ സുരേന്ദ്രൻ മത്സരരംഗത്ത് ഉണ്ട് . തിരക്കിട്ട പ്രചാരണ പരിപാടികൾക്കിടക്കാണ് കഴക്കൂട്ടത്തും എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക