വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണാ എസ് നായരുടെ വോട്ട് അഭ്യർത്ഥനാ നോട്ടീസും ഉപേക്ഷിച്ച നിലയിൽ. പേരൂർക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസുകൾ കണ്ടെത്തിയത്.
വലിയ കെട്ടായിട്ടാണ് അഭ്യർത്ഥനാ നോട്ടീസുകൾ ഉപേക്ഷിച്ചത്. പേരൂർക്കട വാർഡിൽ വിതരണം ചെയ്യാൻ വെച്ച അഭ്യർത്ഥനാ നോട്ടീസുകളാണ് ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്.
വീണയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ ആക്രിക്കടയിൽ തൂക്കിവിറ്റ സംഭവം ഏറെ വിവാദമായതിന് പിന്നാലെയാണ് വോട്ട് അഭ്യർത്ഥനാ പോസ്റ്ററുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ പാർട്ടി വിരുദ്ധപ്രവർത്തനം നടന്നിട്ടുണ്ടോയെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ലി രാമചന്ദ്രൻ ഇന്നലെ സംശയം പ്രകടിപ്പിച്ചിരുന്നു.
പ്രചാരണത്തിലെ വീഴ്ചകൾ അന്വേഷിക്കാൻ കെപിസിസി സമിതിയെ നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് പരിശോധിക്കാൻ കെപിസിസി ജനറൽ സെക്രട്ടറി ജോൺസൺ എബ്രഹാമിൻറെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെയാണ് നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക