ഇന്ത്യയിലെ കോവിസ് വ്യാപനം അതിതീവ്രമായി തുടരുകയാണ്. 45 വയസിനു മുകളിലുള്ളവർക്കുള്ള വാക്സിനേഷനും രാജ്യത്ത് പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങൾ 45 വയസിനു മുകളിൽ പ്രായമുള്ളവരാണെങ്കിൽ എത്രയും വേഗം വാക്സിൻ സ്വീകരിക്കുന്നതാണ് നല്ലത്.
അത് മൂലം രോഗ വ്യാപനത്തിന്റെ തോത് കുറക്കാൻ സാധിക്കും. വാക്സിൻ സർക്കാർ ആശുപത്രികളിൽ സൗജന്യമായും സ്വകാര്യ ആശുപത്രികളിൽ ഡോസ് ഒന്നിന് 250 രൂപയ്ക്കും ലഭിക്കും. വാക്സിൻ സ്വീകരിക്കുന്നതിന് നിങ്ങൾ ആദ്യം ചെയ്യേണ്ടത് വാക്സിനേഷനായി രജിസ്റ്റർ ചെയ്യുക എന്നതാണ്.
എങ്ങനെയാണ് വാക്സിനേഷനായി രജിസ്റ്റർ ചെയ്യേണ്ടത്? എവിടെയാണ് വാക്സിൻ ലഭിക്കുക? എങ്ങനെയാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുക? മറ്റു വിവരങ്ങൾ എവിടെ ലഭിക്കും? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ലഭിക്കാൻ തുടർന്ന് വായിക്കുക.
കോവിഡ്-19 വാക്സിനേഷനായി എങ്ങനെ രജിസ്റ്റർ ചെയ്യാം?
വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പടെ ലഭിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയിരിക്കുന്ന കോവിൻ പോർട്ടലിലോ, ആരോഗ്യ സേതു ആപ്പിലോ ആണ് കോവിഡ് വാക്സിനായി രജിസ്റ്റർ ചെയ്യേണ്ടത്.
സ്റ്റെപ് 1: ആദ്യമായി നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടുള്ള ആരോഗ്യ സേതു ആപ്പ് തുറക്കുക. (ആപ്പ് അല്ലെങ്കിൽ ഇതേ രീതിയിൽ കോവിൻ പോർട്ടൽ മുഖേനയും രജിസ്റ്റർ ചെയ്യാൻ സാധിക്കും. രണ്ടിന്റെയും രീതികൾ ഒന്ന് തന്നെയാണ്)
സ്റ്റെപ് 2: മുകളിൽ വാക്സിനേഷൻ ഓപ്ഷന് സമീപം നൽകിയിരിക്കുന്ന ‘കോ-വിൻ’ (Co-WIN) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
സ്റ്റെപ് 3: അതിലെ ‘വാക്സിനേഷൻ (ലോഗിൻ/രജിസ്റ്റർ)’ എന്നതിൽ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലഭിക്കുന്ന കോളത്തിൽ നിങ്ങളുടെ മൊബൈൽ നമ്പർ നൽകി ‘പ്രൊസീഡ് ടു വെരിഫൈ’ (proceed to verify) എന്ന ബട്ടണിൽ അമർത്തുക.
സ്റ്റെപ് 4: നിങ്ങളുടെ മൊബൈലിൽ ലഭിച്ച ഓടിപി നമ്പർ നൽകിയ ശേഷം വീണ്ടും ‘പ്രൊസീഡ് ടു വെരിഫൈ’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 5: ഇവിടെ നിങ്ങളുടെ ഏതെങ്കിലും ഒരു തിരിച്ചറിയൽ കാർഡ് നല്കാൻ ആവശ്യപ്പെടും. അത് നൽകിയ ശേഷം നിങ്ങളുടെ പേര്, വയസ്സ്, ലിംഗഭേദം, ജനന വർഷം, മറ്റു വിവരങ്ങൾ എന്നിവ നൽകുക. ഇതിൽ തന്നെ നിങ്ങളുടെ നാല് കുടുംബാംഗങ്ങളെ കൂടി ചേർക്കാൻ സാധിക്കും. അതിനായി അവർ വാക്സിൻ എടുക്കാൻ യോഗ്യരാണെന്ന് തെളിയിക്കുന്ന രേഖ നൽകണം.
സ്റ്റെപ് 6: ഇനി വാക്സിൻ ലഭിക്കുന്ന തിയതികളും സമയവും കാണിക്കും. അത് തിരഞ്ഞെടുത്ത് നിങ്ങൾക്ക് വാക്സിനേഷനായി ‘ബുക്ക്’ ഓപ്ഷൻ തുരഞ്ഞെടുക്കാം. രജിസ്ട്രേഷൻ പൂർത്തിയായ ശേഷം അപ്പോയ്ന്റ്മെന്റ് വിവരങ്ങൾ അടങ്ങിയ ഒരു എസ്എംഎസ് നിങ്ങളുടെ ഫോണിൽ ലഭിക്കുന്നതാണ്.
രജിസ്ട്രേഷൻ സമയത്ത് നൽകാവുന്ന തിരിച്ചറിയൽ കാർഡുകൾ ഇവയാണ്:
ആധാർ കാർഡ്
ഡ്രൈവിംഗ് ലൈസൻസ്
തൊഴിൽ വകുപ്പ് നൽകിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
തൊഴിലുറപ്പ് കാർഡ്
എംപി, എംഎൽഎ, എംഎൽസി എന്നിവർക്ക് നൽകിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയാൽ കാർഡ്
പാൻ കാർഡ്
ബാങ്ക്/പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ പാസ്ബുക്ക്
പാസ്പോർട്ട്
പെൻഷൻ കാർഡ്
വോട്ടർ ഐഡി
നിങ്ങളുടെ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ എങ്ങനെ കണ്ടെത്താം?
ഗൂഗിൾ മാപ്സിന്റെ സഹായത്തോടെ നിങ്ങളുടെ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. വാക്സിനേഷൻ കേന്ദ്രം എവിടെയാണ്, അവിടെ മുൻകൂട്ടി അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ടോ എന്നതും അറിയാൻ സാധിക്കും. ഗൂഗിൾ മാപ്പിൽ നിന്നും ലഭിക്കുന്ന ഈ വിവരങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയിട്ടുള്ള വിവരങ്ങളാണ്.
സ്റ്റെപ് 1: ആദ്യം നിങ്ങളുടെ ഫോണിലെ ഗൂഗിൾ മാപ് തുറക്കുക. അല്ലെങ്കിൽ മാപ്മൈഇന്ത്യ എന്ന ആപ്പിലും ഈ വിവരങ്ങൾ ലഭിക്കും.
സ്റ്റെപ് 2: ഇനി ‘കോവിഡ് വാക്സിനേഷൻ സെന്റർ’ എന്ന് നൽകി സെർച്ച് ചെയുക. നിങ്ങളുടെ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ ലഭിക്കും.
എങ്ങനെയാണ് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ടത്?
കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സേതു ആപ്പിൽ നിന്ന് നിങ്ങൾക്ക് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. നിങ്ങൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം അത് സ്ഥിരീകരിച്ച് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു മെസ്സേജ് ലഭിക്കും അതിനു ശേഷം നിങ്ങൾക്ക് ആദ്യ വാക്സിൻ സ്വീകരിച്ചു എന്ന സർട്ടിഫിക്കറ്റും. രണ്ടാം വാക്സിൻ ശേഷം വാക്സിനേഷൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും ലഭിക്കും. ഇതിനായി മെസ്സേജിൽ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് (http://www.mohfw.gov.in) സൈൻ ഇൻ ചെയ്ത്, സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആരോഗ്യ സേതു ആപ്പ് വഴിയും ഈ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. അതിനായി,
സ്റ്റെപ് 1: നിങ്ങളുടെ ഫോണിൽ നൽകിയിരിക്കുന്ന ആരോഗ്യ സേതു ആപ്പ് തുറക്കുക
സ്റ്റെപ് 2: കോവിൻ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 3: ഇനി ബെനിഫിഷ്യറി റഫറൻസ് ഐഡി നൽകി വാക്സിൻ എടുത്ത ദിവസവും സമയവും നല്കണം.
സ്റ്റെപ് 4: ഇനി ‘ഗെറ്റ് സർട്ടിഫിക്കറ്റ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. നിങ്ങളുടെ പേര്, വാക്സിൻ എടുത്ത സ്ഥലം, തിയതി എന്നിവ അടങ്ങുന്നതാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്.
വാക്സിനേഷൻ സംബന്ധിച്ച ഏറ്റവും പുതിയ അറിയിപ്പുകളും വിവരങ്ങളും ലഭിക്കാൻ
വാക്സിനേഷൻ സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടാവുകയാണെങ്കിൽ അതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ http://www.mohfw.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക