ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യയുടെ ‘2021 ഹയബൂസ’
ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി.
സ്പോർട് ബൈക്കായ ‘ഹയബൂസ’യുടെ മൂന്നാം തലമുറ മോഡലിന് 16.40ലക്ഷം രൂപയാണു ഷോറൂം വില. നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് മൂന്നു ലക്ഷത്തോളം രൂപ അധിക വില നിശ്ചയിച്ചാണു സുസുക്കി ‘2021 ഹയബൂസ’ വിപണിയിലിറക്കിയത്. ‘ഹയബൂസ’യുടെ രണ്ടാം തലമുറ മോഡൽ 13.70 ലക്ഷം രൂപയ്ക്കാണ് ഇന്ത്യയിൽ വിറ്റിരുന്നു.
മൂന്നാം തലമുറ ‘ഹയബൂസ’യ്ക്കുള്ള ബുക്കിങ്ങുകൾ സുസുക്കി സ്വീകരിച്ചു തുടങ്ങി; ‘കോവിഡ് 19’ മഹാമാരി
പരിഗണിച്ചുള്ള നിയന്ത്രണങ്ങൾ മൂലം ഓൺലൈൻ വ്യവസ്ഥയിൽ മാത്രമാണു ബൈക്ക് ബുക്ക് ചെയ്യാൻ അവസരം.
ഒരു ലക്ഷം രൂപ അഡ്വാൻസ് നൽകി ‘2021 ഹയബൂസ’ ബുക്ക് ചെയ്യാം. അടുത്ത മാസത്തോടെ പുത്തൻ ‘ഹയബൂസ’ ഉടമസ്ഥർക്കു കൈമാറിത്തുടങ്ങുമെന്നും കമ്പനി വ്യക്തമാക്കി.
പുത്തൻ ‘ഹയബൂസ’യ്ക്കു കരുത്തേകുന്നത് യൂറോ അഞ്ച് (അതായത് ബി എസ് ആറ്) നിലവാരമുള്ള 1,340 സി സി, ഇൻലൈൻ ഫോർ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ്. 190 ബി എച്ച് പിയോളം കരുത്തും 150 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.
ആറു സ്പീഡ് ട്രാൻസ്മിഷനോടെ എത്തുന്ന ബൈക്കിന് മണിക്കൂറിൽ 290 കിലോമീറ്ററാണു സുസുക്കി വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം; ഇന്ധനക്ഷമതയാവട്ടെ ലീറ്ററിന്18.5 കിലോമീറ്ററും.
മനേസാറിലെ എസ് എം ഐ പി എൽ ശാലയിൽ അസംബ്ൾ ചെയ്താവും ‘2021 ഹയബൂസ’ ഇന്ത്യയിൽ
വിൽപ്പനയ്ക്കെത്തുക. പുതിയ ലോഗോ രൂപകൽപ്പനയും പരിഷ്കരിച്ച ടാങ്കും ക്രോമിയം പ്ലേറ്റിങ്
സഹിതം, നീളമേറിയ എക്സോസ്റ്റും നവീകരിച്ച ഏഴ് സ്പോക്ക് അലോയ് വീലുമെല്ലാമായാണ് ‘2021
ഹയബൂസ’ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക