കാൻസറിനോടു പൊരുതിത്തോറ്റ നന്ദു മഹാദേവയുടെ ഓർമകൾ വേദനയാകുന്നു. ശുഭാപ്തി വിശ്വാസത്തിന്റെ പ്രതിരൂപമായിരുന്ന നന്ദുവിന്റെ അവസാന വിഡിയോ കാഴ്ചക്കാരിൽ നോവുണർത്തുകയാണ്.
ഇക്കഴിഞ്ഞ വിഷു നാളിൽ നന്ദുവും അമ്മയും കൂടെ ഗാനം ആലപിക്കുന്ന വിഡിയോ വീണ്ടും കാണുന്നവരുടെ എണ്ണം കൂടി വരികയാണ്.
അമ്മയ്ക്കൊപ്പമിരുന്ന് കൃഷ്ണരൂപം കയ്യിൽ പിടിച്ചായിരുന്നു നന്ദുവിന്റെ പാട്ട്. ‘കണി കാണും നേരം, കമല നേത്രന്റെ’ എന്നു പാടുകയാണ് നന്ദു. നന്ദു മഹാദേവ അവസാനമായി പങ്കുവച്ച വിഡിയോ ആണിത്. എല്ലാവർക്കും ഹൃദ്യമായ വിഷു ആശംസകൾ നേർന്നു കൊണ്ട് നന്ദു പോസ്റ്റ് ചെയ്ത വിഡിയോ പത്ത് ലക്ഷത്തിലധികം പേരാണു കണ്ടത്.
നന്ദുവിന്റെ അപ്രതീക്ഷിത വേർപാടിനു ശേഷം നിരവധി പേരാണ് ഈ വിഡിയോയ്ക്കു താഴെ കമന്റുകളുമായി എത്തിയത്. ‘ഇനി ഈ ചിരി കാണാനാകില്ലല്ലോ’ എന്ന് സ്നേഹിതർ കുറിക്കുന്നു.
നന്ദു അവസാനമായി പങ്കുവച്ച വിഡിയോ പ്രിയപ്പെട്ടവർക്കു കണ്ണീരോർമയാവുകയാണിപ്പോൾ. ഇതിനു മുൻപും പാട്ടു പാടുന്നതിന്റെ വിഡിയോ നന്ദു പോസ്റ്റ് ചെയ്തിട്ടുണ്ട്.
നന്ദുവിന്റെ പാട്ടിന് ആരാധകരും ഏറെ. ഓരോ വിശേഷദിവസവും ആശംസയും സ്നേഹവും അറിയിച്ച് പതിവായി സമൂഹമാധ്യമങ്ങളിൽ എത്തുന്ന നന്ദു ഇനി ഇല്ല എന്ന സത്യം തിരിച്ചറിയാൻ പ്രിയപ്പെട്ടവർക്കാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക