പത്തനംതിട്ട: കര്‍ക്കടക മാസപൂജക്കായി വെള്ളിയാഴ്ച നട തുറക്കുന്ന ശബരിമലയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് ഉറപ്പാക്കുമെന്നും കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ അറിയിച്ചു.
ശനിയാഴ്ച മുതലാണ് തീര്‍ഥാടകര്‍ക്ക് ദര്‍ശന സൗകര്യം ലഭിക്കുന്നത്. വെര്‍ച്വല്‍ ക്യു സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ദിവസവും 5,000 പേര്‍ക്കാണ് സൗകര്യം. ശുചീകരണ സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാരെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും നിയോഗിച്ചു . തീർത്ഥാടകർ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റോ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റോ കരുതണം.
എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ നിലയ്ക്കല്‍, പമ്പ , സന്നിധാനം എന്നിവിടങ്ങളിലുള്ള സര്‍ക്കാര്‍ ആശുപത്രികളിലെത്തി ചികിത്സ തേടണം. സ്രവ പരിശോധനയില്‍ കോവിഡ് രോഗബാധിതരാണെന്ന് വ്യക്തമായാല്‍ ആശുപത്രിയിലേക്ക് ഉടൻ മാറ്റും. നിലയ്ക്കല്‍, പമ്ബ, സന്നിധാനം ആശുപത്രികളില്‍ രണ്ടുവീതം ഡോക്ടര്‍മാര്‍, നഴ്സ്, അറ്റന്‍ഡര്‍മാര്‍, ഓരോ ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന് എന്നിവരെ നിയമിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യം നേരിടാന്‍ പമ്ബയില്‍ വെന്റിലേറ്റര്‍ സംവിധാനവും പമ്ബയിലും സന്നിധാനത്തും ഓക്സിജന്‍ ലഭ്യതയും സജ്ജമാകും.
സിക വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ല വെക്ടര്‍ കണ്ട്രോള് യൂനിറ്റിന്റെ നേതൃത്വത്തില്‍ കൊതുക് നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക