ന്യൂഡൽഹി: ഒളിമ്പിക്സിൽ ദേശീയ പരിശീലകന്റെ സേവനം നിരസിച്ച ടേബിൾ ടെന്നിസ് താരം മണിക ബത്രക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ടേബിൾ ടെന്നിസ് ഫെഡറേഷൻ ആലോചിക്കുന്നു.
ഒളിമ്പിക്സ് ടീമിന്റെ മുഖ്യപരിശീലകനായ സൗമ്യദീപ് റോയിയുടെ സേവനം നിരസിച്ചതുവഴി ഗുരുതരമായ അച്ചടക്ക ലംഘനമാണ് മണിക നടത്തിയിരിക്കുന്നതെന്നാണ് ടേബിൾ ടെന്നിസ് ഫെഡറേഷന്റെ പ്രാഥമിക വിലയിരുത്തൽ.
സ്വന്തം പരിശീലകൻ സൻമയ് പരഞ്ച്പേയിക്ക് സ്റ്റേഡിയത്തിൽ കയറാനുള്ള അനുവാദം നൽകാത്തതിൽ പ്രതിഷേധിച്ചാണ് മണിക സൗമ്യദീപ് റോയിയുടെ സേവനം അവഗണിച്ചത്.
അർജുന അവാർഡ് ജേതാവ് കൂടിയായ സൗമ്യജിത്ത് റോയിയോടുള്ള ഈ സമീപനം അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് ഫെഡറേഷൻ നിലപാട്. അടുത്ത മാസം ചേരുന്ന ടേബിൾ ടെന്നിസ് ഫെഡറേഷന്റെ എക്സിക്യുട്ടീവ് കമ്മിറ്റി ഈ വിഷയം ചർച്ച ചെയ്ത് താരത്തിനെതിരെ എന്ത് നടപടി എടുക്കണമെന്ന് തീരുമാനിക്കും.
മൂന്നാം റൗണ്ടിൽ ഓസ്ട്രിയയുടെ ലോക 17-ാം നമ്പർ താരം സോഫിയ പൊൾക്കനോവയോട് 11-8, 11-2, 11-5, 11-7 എന്ന സ്കോറിന് തോറ്റ മണിക ഒളിമ്പിക്സിൽ നിന്ന് പുറത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക