ചെന്നൈ : കോയമ്പത്തൂരിൽ ഹോൺ മുഴക്കുന്നതിനെതിരെ ഉപദേശിച്ച വയോധികനെ മർദ്ദിച്ചു കൊലപ്പെടുത്തി. പൊടന്നൂർ സ്വദേശി പൊന്നുസ്വാമി (72) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയുടെ മരുമകനായ ശിവയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ബൈക്കുമായി പോകുമ്പോൾ ശിവ ഉച്ചത്തിൽ ഹോണടിക്കുന്നത് പതിവായിരുന്നു. ഇതേ തുടർന്നാണ് പൊന്നുസ്വാമി ആളുകളുടെ മുൻപിൽവെച്ച് ശിവയെ ഉപദേശിച്ചത്. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന ശിവ പൊന്നുസ്വാമിയോട് കയർത്തു. തുടർന്ന് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
പരിക്കേറ്റ് നിലത്തു വീണ പൊന്നുസ്വാമിയെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ മകനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പുലർച്ചെയോടെ മരിക്കുകയായിരുന്നു.
സംഭവത്തിൽ ശിവയ്ക്കെതിരെ കൊലക്കുറ്റത്തിനാണ് പോലീസ് കേസ് എടുത്തത്. സംഭവ ശേഷം ഇയാൾ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക