പാലക്കാട് ആലത്തൂർ സ്വദേശികളായ ദമ്പതികൾ ഷോക്കേറ്റ് മരിച്ചു. പഴമ്പാലക്കോട് സ്വദേശി സുരേഷ്, ഭാര്യ സുഭദ്ര എന്നിവരാണ് മരിച്ചത്. വീട്ടിൽ അഴ കെട്ടുന്നതിനിടെയാണ് അപകടം. അലൂമിനിയം കമ്ബി ഉപയോഗിച്ച് അഴകെട്ടുന്നതിനിടെ ഇരുവർക്കും ഇലക്ട്രിക് വയറിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു.
ഷോക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായ സുരേഷിനെയും സുഭദ്രയെയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് സമീപത്തെ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട് പൊളിഞ്ഞ് കിടക്കുന്നതിനാൽ താല്ക്കാലിക ഷെഡ്ഡിലാണ് ഇവർ താമസിച്ചിരുന്നത്.
ഇന്ന് പന്ത്രണ്ടരയോടെ വീട്ടമുറ്റത്ത് അഴകെട്ടുന്നതിനായി സുരേഷ് ശ്രമം നടത്തുമ്പോഴാണ് അപകടമുണ്ടായത്. കമ്പിയുടെ ഒരറ്റം മരത്തിലും രണ്ടാമത്തെയറ്റം കഴുക്കോലിലുമാണ് ശ്രമിച്ചത്.
കഴുക്കോലിൽ കമ്പി കെട്ടുന്നതിനിടെ ഫ്യൂസ് വയറിൽ കുടുങ്ങി ഷോക്കേൽക്കുകയായിരുന്നു. സംഭവസമയം വീട്ടിൽ ഇവർ മാത്രമാണുണ്ടായിരുന്നത്. ഉച്ചയോടെ വീട്ടിലെത്തിയ മകനാണ് മാതാപിതാക്കൾ വീട്ടുമുറ്റത്ത് ഷോക്കേറ്റ് കിടക്കുന്നത് കാണുന്നത്.
മകന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക